വ്യാജ വിദ്യാഭ്യാസ യോ​ഗ്യത; വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് ലോകായുക്ത നോട്ടീസ്

സാമൂഹിക നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നോട്ടീസ് നൽകിയിട്ടുണ്ട്

Update: 2021-08-06 09:15 GMT
Advertising

വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് ലോകായുക്തയുടെ നോട്ടീസ്. ഷാഹിദ കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പരാതിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സാമൂഹിക നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

നേരത്തേ ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാൻ പരാതി നൽകിയിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാറിനെ വഞ്ചിച്ചെന്നാരോപിച്ചാണ് പരാതി നൽകിയത്. വ്യാജ രേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാൽ ചെയ്​തതെന്നാണ് പരാതിയിലുള്ളത്.

ലോക്​സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളജിൽനിന്ന്​ ബി.കോം നേടി എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ, കേരള സർവകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ആഗസ്​റ്റ്​ 29ന് വനിതാ കമീഷൻ അംഗമാകാനായി സമർപ്പിച്ച ബയോഡേറ്റയിലും നൽകിയിരിക്കുന്നത് ബി.കോമാണ്.

2018 ജൂലൈയിൽ പിഎച്ച്.ഡി നേടിയതായി ഷാഹിദ ഫേസ്ബുക്കിൽ പോസ്​റ്റിട്ടു. ഈ മാസം 25ലെ ഫേസ്ബുക്ക് പോസ്​റ്റിൽ പബ്ലിക് അഡ്മിനിട്രേഷനിൽ മാസ്​റ്റേഴും ഡി.ലിറ്റും നേടിയെന്ന്​ പറയുന്നു. മൂന്നു വർഷംകൊണ്ട് ഈ പറയുന്ന യോഗ്യതകൾ നേടിയെടുക്കുക അസാധ്യമാണെന്ന്​ പരാതിയിൽ പറയുന്നു.

അതേസമയം ആരോപണവുമായി ബന്ധപ്പെട്ട ഏത്​ അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന്​ ഷാഹിദ കമാൽ നേരത്തെ പ്രതികരിച്ചിരുന്നു. തന്നെപ്പോലെയുള്ള ഒരു പൊതുപ്രവർത്തകക്ക്​ അത്തരത്തിൽ വ്യാജ യോഗ്യത വെക്കാൻ സാധിക്കുമോ എന്ന്​ സാമാന്യ യുക്​തിയുള്ളവർക്ക്​ മനസ്സിലാക്കാൻ സാധിക്കുമെന്നായിരുന്നു ഷാഹിദ കമാലിന്റെ പ്രതികരണം.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News