വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എ.എ.റഹീം
വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്
ഡൽഹി: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എ.എ.റഹീം എം പി.തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം.
വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന സംഭവമാണെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും റഹീം പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞടുപ്പ് കമ്മിഷന്റെ വ്യാജ ഐഡിക്കാർഡുകൾ ഉണ്ടാക്കിയെന്നാണ് പരാതി ഉയർന്നത്. ഒന്നര ലക്ഷത്തോളം വ്യാജ ഇലക്ഷൻ ഐഡി കാർഡ് ഉണ്ടാക്കിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇതിൽ പങ്കുണ്ടെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.
യൂത്ത് കോൺഗ്രസിന്റേത് രാജ്യ സുരക്ഷയെ ബാധിക്കുന്ന ക്രിമിനൽ കുറ്റമാണെന്നും ഡിജിപിക്ക് പരാതി നൽകിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കുമടക്കമാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ പരാതി നൽകിയിരിക്കുന്നതെന്നും പരാതി ലഭിച്ച് ദിവസങ്ങളായിട്ടും നേതൃത്വം പൊലീസിലറിയിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വ്യാജ ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയുമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ആപ്പ് തയ്യാറാക്കാനും മറ്റുമായി 22 കോടിയിലധികം ചെലവഴിച്ചുവെന്നും ഇതെവിടെ നിന്ന് സമാഹരിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.