ലുലു മാളിലെ പാക് പതാകയെക്കുറിച്ച് വ്യാജപ്രചരണം; മാര്‍ക്കറ്റിംഗ് മാനേജരുടെ ജോലി തെറിച്ചതായി പരാതി

പത്തു വർഷത്തിലേറെയായി ലുലുവിന്റെ ബ്രാൻഡ് റെക്കഗ്നീഷൻ സംബന്ധമായ കാര്യങ്ങൾ നോക്കിയിരുന്ന ആതിര നമ്പ്യാതിരിയുടെ ജോലിയാണ് വ്യാജ വാർത്ത കാരണം നഷ്ടമായത്

Update: 2023-10-13 07:02 GMT
Advertising

കൊച്ചി: ലുലു മാളിലെ പാകിസ്താന്റെ കൊടി ഇന്ത്യയുടേതിനേക്കാൾ വലുതാണെന്ന വ്യാജ വാർത്തക്ക് പിന്നാലെ ലുലുവിലെ മാർക്കറ്റിങ് മാനേജറുടെ ജോലി നഷ്ടപ്പെട്ടു. പത്തു വർഷത്തിലേറെയായി ലുലുവിന്റെ ബ്രാൻഡ് റെക്കഗ്നീഷൻ സംബന്ധമായ കാര്യങ്ങൾ നോക്കിയിരുന്ന ആതിര നമ്പ്യാതിരിയുടെ ജോലിയാണ് വ്യാജ വാർത്ത കാരണം നഷ്ടമായത്. ആതിര തന്നെയാണ് ഇക്കാര്യം തന്‍റെ ലിങ്ക്ഡ് ഇന്നിലൂടെ അറിയിച്ചത്.


ഒരു പതിറ്റാണ്ട് മുഴുവൻ സ്ഥാപനത്തിനായി ജോലി ചെയ്ത തനിക്ക് വ്യാജപ്രചരണങ്ങള്‍ കാരണം ജോലി നഷ്ടപ്പെട്ടെന്നും ഇന്ത്യക്കാരിയാണെന്നതിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും , ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിൽ തന്റെ രാജ്യത്തോട് അഗാധമായ സ്നേഹം പുലർത്തുന്നുണ്ടെന്നും ആതിര തന്‍റെ പോസ്റ്റിൽ പറയുന്നുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിന്നും വ്യക്തികളുടെ ജീവിതവും ജോലിയും ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. തനിക്ക് ഉണ്ടായത് ഒരു നഷ്ടമാണെന്നും പക്ഷേ ഈ വെറുപ്പ് ആരെയും ബാധിക്കരുതെന്നും പറഞ്ഞാണ് ആതിര തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.




 ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂർണമെൻറിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടികൾ മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ ഉയരത്തിൽ വെച്ചതിനാൽ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളിൽ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവയെല്ലാം ഒരേ വലുപ്പമുള്ളവയാണ്. ഫോട്ടോയുടെ ആംഗിളിന് അനുസരിച്ച് ഇവയുടെ വലുപ്പത്തിൽ തോന്നുന്ന വ്യത്യാസം വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ഹിന്ദുതവാദികൾ ദുരുപയോഗിക്കുകയായിരുന്നു. ഏഷ്യാനെറ്റ് കന്നട പതിപ്പും ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനടക്കമുള്ളവരാണ് ഈ വ്യാജ വാർത്ത പ്രചരിപ്പിച്ചത്.


'ഒരു പഞ്ചർവാലയാകട്ടെ ശതകോടീശ്വരനാകട്ടെ അവരുടെ മധ്യകാലഘട്ട വിശ്വസമാണ് പ്രധാനം... എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ലുലു മാളിൽ നിന്നുള്ളതാണ് ഈ ഫോട്ടോ.. അവർ ഇന്ത്യൻ പതാകയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്' എന്ന കുറിപ്പോടെയാണ് പ്രതീഷ് വിശ്വനാഥൻ ഈ വ്യാജ വിവരം എക്‌സിൽ പങ്കുവെച്ചത്.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News