' അഞ്ചുമണിവരെ ആയുസുള്ള പച്ചക്കള്ളം,സി.പി.എം കളിക്കുന്നത് മരണക്കളി': മുസ്‍ലിം ലീഗ്
വ്യാജ അശ്ലീല വീഡിയോ കേസില്‍ അറസ്റ്റിലായ അബ്ദുല്‍ ലത്തീഫ് ലീഗ് പ്രവർത്തകനാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായി പി.എം.എ സലാം
മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ വ്യക്തി ലീഗ് പ്രവർത്തകൻ അല്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. ഇത് അഞ്ചുമണി വരെ ആയുസുള്ള പച്ചക്കള്ളമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'സി.പി.എം അണിയറയിൽ തയ്യാറാക്കിയ തിരക്കഥയാണ് ഈ അറസ്റ്റ്. പൊലീസിനെ ദുരുപയോഗപ്പെടുത്തി കള്ള കഥയുണ്ടാക്കുകയാണ് ചെയ്യുന്നത്. സി.പി.എമ്മിന് പരാജയ ഭീതിയാണ്'. സി.പി.എം കളിക്കുന്നത് മരണക്കളിയാണെന്നും പി.എം.എ സലാം വ്യക്തമാക്കി. അറസ്റ്റിലായ കോട്ടയ്ക്കൽ സ്വദേശി അബ്ദുല്‍ ലത്തീഫ് ലീഗ് പ്രവർത്തകനാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫിനെ ഇന്ന് രാവിലെ കോയമ്പത്തൂരിൽ നിന്നാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്.
അതേസമയം, ജോ ജോസഫിന്‍റെ പേരിലുള്ള അശ്ലീല വീഡിയോക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. യു.ഡി.എഫാണ് ഇത് ആസൂത്രണം ചെയ്തതെന്നും കോടിയേരി പറഞ്ഞു.