പത്തനംതിട്ടയിലെ കള്ളവോട്ട്; കോൺഗ്രസ് മെമ്പറും ബി.എൽ.ഒയും ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആർ
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
പത്തനംതിട്ട: പത്തനംതിട്ടയിലെ കള്ളവോട്ടിൽ കോൺഗ്രസ് വാർഡ് മെമ്പറും ബി.എൽ.ഒയും ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആർ. മെഴുവേലി പഞ്ചായത്ത് അംഗം ശുഭാനന്ദൻ, ബി.എൽ.ഒ അമ്പിളി എന്നിവർ ഗൂഢാലോചന നടത്തിയതായാണ് എഫ്.ഐ.ആറിലുള്ളത്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് എൽ.ഡി.എഫ് ഇന്നലെ ആരോപിച്ചിരുന്നു. ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്യിച്ചു എന്നും എഫ്.ഐ.ആറിൽ പറയുന്നു.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. മരിച്ച സ്ത്രീയുടെ വോട്ടാണ് രേഖപ്പെടുത്തുന്നതെന്ന് ഇരുവർക്കും അറിയാമായിരുന്നു. അറിഞ്ഞുകൊണ്ട് ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. സംഭവത്തിൽ ഇന്നലെ അമ്പിളിയെയും മറ്റ് രണ്ട് പോളിങ് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.