'ദേശീയ ശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടാൻ തയ്യാറാക്കിയ ഗൂഢാലോചന'; ചാപ്പകുത്തല്‍ വ്യാജ പരാതിയിലെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് വിശദ അന്വേഷണത്തിന് പൊലീസ്
കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫിലെത്താനും ഷൈനിന് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് മൊഴി
കൊല്ലം: കടയ്ക്കലിൽ പി.എഫ്.ഐ ചാപ്പ കുത്തിയെന്നുള്ള വ്യാജ പരാതിയിലെ പ്രതികൾ രണ്ട് ദിവസമാണ് പൊലീസിനെ വട്ടം കറക്കിയത്. പരാതി വ്യാജമാണെന്ന് സംശയം തോന്നിയ പൊലീസ് കൃത്യമായ അന്വേഷത്തിലൂടെ ഷൈനിനെയും ജോഷിയെയും കുടുക്കി. കേസിലെ രാഷ്ട്രീയ ബന്ധം സംബന്ധിച്ചും മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും വിശദമായ അന്വേഷണം നടത്തും.
അഞ്ചു മാസം നീണ്ട ഗൂഢാലോചന. കഥയും തിരക്കഥയും സംവിധാനവും എല്ലാം രാജസ്ഥാനിൽ സൈന്യത്തിൽ ജോലി ചെയ്തിരുന്ന ഷൈനിന്റേത് എന്നാണ് പൊലീസ് കണ്ടെത്തൽ. ദേശീയ ശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടാൻ ഷൈൻ തയ്യാറാക്കിയ ഗൂഢാലോചനയാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പൊളിഞ്ഞത്. പൊലീസിന്റെ ശ്രദ്ധയോടുള്ള ഇടപെടൽ ആണ് പി.എഫ്.ഐ ചാപ്പ കുതിയെന്ന പരാതി മറ്റ് പ്രശ്നങ്ങളിലേക്ക് പോകാത്തത്.
ക്യാൻസർ രോഗിയായ അച്ഛനെ പരിചരിക്കാൻ സ്ഥലം മാറ്റത്തിന് പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫിലെത്താനും ഷൈനിന് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് മൊഴി നൽകി. വ്യാജ പരാതി നൽകി വർഗീയ ലഹളയ്ക്ക് ശ്രമിച്ചു, ഗൂഢാലോചന, വ്യാജ തെളിവ് നൽകൽ തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയത്. പ്രതികളുടെ രാഷ്ട്രീയ ചുറ്റുപാടും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷൈന്റെ ഫോണിൽ നിന്ന് രാഷ്ട്രീയ നേതാക്കളുടെ നമ്പറുകളും നിരവധി ഫോട്ടോകളും കണ്ടെത്തി. പ്രതിയായ ജോഷിയുടെ ഭാര്യ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതെല്ലാം മുൻ നിർത്തി മറ്റാരെങ്കിലും ഇയാളെ സഹായിച്ചോ, രാഷ്ട്രീയ ബന്ധം ഉണ്ടോ എന്ന കാര്യങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ വിരുദ്ധ വിഭാഗവും ഉൾപ്പെടെ നേരിട്ടെത്തി അന്വേഷിച്ച കേസിൽ ഷൈനിനെതിരെ വകുപ്പുതല നടപടി ഉറപ്പാണ്.