കാസര്‍കോട് ജലക്ഷാമം രൂക്ഷം; ദുരിതത്തിലായി എസ്.സി കോളനിയിലെ കുടുംബങ്ങള്‍
ചൂട് കനത്തതോടെ പുഴകള്‍ വറ്റിയതാണ് പ്രതിസന്ധിക്ക് കാരണം
കാസര്‍കോട്: കനത്ത ചൂടില്‍ പുഴകള്‍ വറ്റിവരണ്ടതോടെ ജലക്ഷാമം നേരിട്ട് കാസര്‍കോട് മംഗല്‍പാടി ഇരണ്ണിപദവ് എസ്.സി കോളനിയിലെ കുടുംബങ്ങള്‍. ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളത്തിന് പ്രയാസപ്പെടുകയാണ് കോളനി നിവാസികള്‍.
മംഗല്‍പാടി പഞ്ചായത്തിലെ ഇരണ്ണിപദവ് എസ്.സി കോളനിയില്‍ 150 ഓളം കുടുംബങ്ങള്‍ പ്രദേശത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയാണ് ആശ്രയിച്ചിരുന്നത്. വേനല്‍ കനത്തതോടെ കൊടങ്ക പുഴ വറ്റി. ഇതോടെ കുടിവെള്ള പദ്ധതിക്കായി തയ്യാറാക്കിയ ടാങ്കിലേക്ക് ആവശ്യത്തിന് വെള്ളമെത്താതായി.
പദ്ധതിയുടെ ഭാഗമായി വീടുകള്‍ക്ക് മുന്നില്‍ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായും വെള്ളമെത്തിയിട്ടില്ല. ഓരോ തെരഞ്ഞെടുപ്പ് കാലത്തും നേതാക്കളെത്തി പുതിയ കുടിവെള്ള പദ്ധതി വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും പിന്നീട് ആരും തിരിഞ്ഞ് നോക്കാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.