മധുവിനെ മുക്കാലിയില്‍ നിന്ന് കൊണ്ടുപോയ ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണം ; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേകാല്‍ മണിക്കൂറാണ് യാത്രക്കെടുത്തത്

Update: 2022-02-04 09:27 GMT
Advertising

അട്ടപ്പാടി മധു കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മധുവിന്റെ കുടുംബം. അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിലാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.

മധുവിനെ മുക്കാലിയില്‍ നിന്ന് കൊണ്ടുപോയ പൊലീസ് ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണം. അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്‍ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസിലാകുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേ കാല്‍ മണിക്കൂറാണ് യാത്രക്ക് എടുത്തത്. ഇത് സംബന്ധിച്ച് പരിശോധന വേണമെന്നും അപേക്ഷയില്‍ പറയുന്നു.

മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിരുന്നതായി സംശയമുണ്ടെന്നും കുടുംബം വെളിപ്പെടുത്തി. മെഷീന്‍ കൊണ്ട് മരം മുറിക്കുന്ന ശബ്ദം കേട്ടു. മധു കൊല്ലപ്പെടുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പേ മധുവിന്റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും കുടുംബം ആരോപിച്ചു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ സംഭവസ്ഥലവുമായി ഒരു ബന്ധവുമില്ലെന്നാണ് അറിയുന്നതെന്നും കുടുംബം വെളിപ്പെടുത്തി.

അതേസമയം സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കായി നാല് അഭിഭാഷകരുടെ പേരുകള്‍ നല്കി. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണ് പേരുകള്‍ കൈമാറിയത്. അഭിഭാഷകരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് മധുവിന്റെ കുടുംബം പറഞ്ഞു.

രണ്ടാമത്തെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും ഒഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ പേരുകള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നാലുപേരില്‍ ഒരാളെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും മറ്റൊരാളെ അഡീഷണല്‍ പ്രോസിക്യൂട്ടറും ആക്കണമെന്നാണ് കുടുംബത്തിന്റെ ശിപാർശ.

മധുവിന്റെ കൊലപാതകം കോടതി പരിഗണിക്കുമ്പോള്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എവിടേയെന്ന് മണ്ണാര്‍ക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ മധുവിന്റെ വീട്ടുകാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് എതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. 

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News