കോട്ടയത്ത് പീഡനത്തിനിരയായ 10 വയസുകാരിയുടെ അച്ഛൻ മരിച്ച നിലയിൽ
74 വയസുകാരൻ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ അച്ഛനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കോട്ടയത്ത് പീഡനത്തിനിരയായ 10 വയസുകാരിയുടെ അച്ഛൻ മരിച്ച നിലയിൽ. 74 വയസുകാരൻ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ അച്ഛനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചിങ്ങവനം പോലീസ് പോക്സോ ചുമത്തി കേസ് എടുത്തത്. അതിനുശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു കുട്ടിയുടെ അച്ഛന്‍.
പലചരക്കു കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് കടക്കാരന്‍ കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കുറിച്ചി സ്വദേശി യോഗീദക്ഷനാണ് പിടിയിലായത്. വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിക്ക് മിഠായിയും നൽകിയിരുന്നു.
കുട്ടി കടയിൽ വരുമ്പോൾ പ്രതി രഹസ്യഭാഗങ്ങളിൽ ഉൾപ്പടെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോട്ടയം മൊബൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.