ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന ആരോപണം വരാതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നു: ഫാ.പോള്‍ തേലക്കാട്ട്
"സിപിഎം സ്ഥാനാർത്ഥി പുരോഹിതരെ ഒപ്പമിരുത്തി സഭയുടെ സ്ഥാപനത്തിൽ വെച്ച് വാർത്താ സമ്മേളനം നടത്തിയത് ശരിയല്ല"
എറണാകുളം: സ്വന്തം കാര്യം നേടിയെടുക്കാൻ മാർക്സിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കൾ സീറോ മലബാർ സഭയിലുണ്ടെന്ന് സത്യദീപം എഡിറ്ററും സീറോ മലബാർ സഭ മുൻ വക്താവുമായ ഫാ.പോള്‍ തേലക്കാട്ട്. ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന ആരോപണം വരാതിരിക്കാൻ കർദിനാൾ ജോർജ് ആലഞ്ചേരി ശ്രദ്ധിക്കണമായിരുന്നു. ഞങ്ങളിടപെട്ടില്ലെന്ന് പറഞ്ഞ് ജോർജ് ആലഞ്ചേരി വാർത്താക്കുറിപ്പിറക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പോള്‍ തേലക്കാട്ട് മീഡിയ വണിനോട് പറഞ്ഞു.
സിപിഎം സ്ഥാനാർത്ഥി പുരോഹിതരെ ഒപ്പമിരുത്തി സഭയുടെ സ്ഥാപനത്തിൽ വെച്ച് വാർത്താ സമ്മേളനം നടത്തിയത് ശരിയല്ല. സെക്കുലർ നിലപാടുണ്ടെന്ന് പറയുന്ന സി പി എം അങ്ങനെ ചെയ്യരുതായിരുന്നു. സംഭവിച്ച പിശക് പാര്‍ട്ടി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജോ ജോസഫിനെക്കുറിച്ചുള്ള ചോദ്യത്തിന് സ്ഥാനാർത്ഥിയെ അറിയില്ലെന്നായിരുന്നു പോള്‍ തേലക്കാടിന്‍റെ മറുപടി.