‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ്
തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ ഹരജിയിലെ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് കോടതിയിൽ. ജെസ്നയുടെ പിതാവ് ജെയിംസ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ ഹരജിയിലെ വിവരങ്ങൾ പുറത്തുവന്നു. അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ല.
സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം നൽകിയ ഹരജിയിൽ പറയുന്നു.രഹസ്യ സ്വഭാവത്തോടെ സി.ബി.ഐ അന്വേഷിക്കാൻ തയ്യാറായാൽ വിവരം നൽകാം.
സുഹൃത്തിന്റെ ഫോട്ടോ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ഹരജിയില്‍ പറയുന്നു. ജെസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തി. ജെസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്.ഇതിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തിയില്ല. സി.ബി.ഐ ആകെ സംശയിച്ചത് ജെസ്‌നയുടെ സഹപാഠിയെ മാത്രമെന്നും പിതാവ് ഹരജിയിൽ പറയുന്നു.
കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് സി.ബി.ഐ നൽകിയ ക്ലോഷർ റിപ്പോർട്ടിനെതിരെ ജെയിംസ് തടസ്സഹരജി നൽകിയിരുന്നു. അന്വേഷണം അവസാനിപ്പിക്കരുതെന്നാണ് ഹരജിയിലെ ആവശ്യം. എന്നാൽ കഴിഞ്ഞ ദിവസം തടസ്സഹരജിയിലെ വാദങ്ങൾക്ക് മറുപടിയായി സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണം അന്തിമമായി അവസാനിപ്പിച്ചിട്ടില്ലെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടിയത്. ജെസ്‌നയുടെ പിതാവിന്റെ ഹരജിയിലെ വാദങ്ങൾ സി.ബി.ഐ തള്ളുകയും ചെയ്തിരുന്നു. ഹരജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം ആവശ്യമില്ല. ചോദ്യം ചെയ്തപ്പോൾ ജസ്നയുടെ പിതാവ് ഇപ്പോൾ ഹരജിയിൽ ആരോപിക്കുന്ന കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നും സി.ബി.ഐ വാദിച്ചിരുന്നു.