'കേസിന്റെ പോക്ക് കണ്ടിട്ട് ബിനീഷ് കോടിയേരിക്ക് അടുത്തു തന്നെ ജാമ്യം കിട്ടും'; ഫാത്തിമ തഹിലിയ
നിയമസഭയിൽ പ്രതിപക്ഷം ഒത്തുകളി ആരോപണം ഉന്നയിച്ച അതേ ദിവസാണ് തഹിലിയയുടെ കുറിപ്പ്
കൊടകര കുഴൽപ്പണക്കേസിൽ സർക്കാര്‍-ബിജെപി ഒത്തുകളി പരോക്ഷമായി ആരോപിച്ച് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹിലിയ. നിയമസഭയിൽ പ്രതിപക്ഷം ഒത്തുകളി ആരോപണം ഉന്നയിച്ച അതേ ദിവസാണ് തഹിലിയയുടെ കുറിപ്പ്.
'കുഴൽപ്പണ കേസിന്റെ പോക്ക് കണ്ടിട്ട് ബിനീഷ് കോടിയേരിക്ക് അടുത്തു തന്നെ ജാമ്യം ലഭിക്കുന്ന പോലെയുണ്ട്. ഹേ എന്ത്? ആ... അതന്നെ'- എന്നാണ് തഹിലിയയുടെ കുറിപ്പ്.
അതിനിടെ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കോടിയേരിക്കും മകനുമെതിരെ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ ആഞ്ഞടിച്ചിരുന്നു. 'ഉള്ളതും ഇല്ലാത്തതുമായ വാർത്തകൾ പൊലിപ്പിച്ച് ബിജെപിയെ കുടുക്കാനുള്ള പരിപാടിയാണ്. ഇപ്പോൾ സുരേന്ദ്രന്റെ മോനെ പിടിക്കാനുള്ള പരിപാടിയാണ്. എന്താ കാരണം, കോടിയേരി ബാലകൃഷ്ണന്റെ മകൻ അകത്താണ്. കഞ്ചാവു കേസിലും മയക്കുമരുന്ന് കേസിലും, എല്ലാ അധാർമിക പ്രവർത്തനങ്ങളുടെ പേരിലല്ലേ അകത്തായിരിക്കുന്നത്. രാജ്യദ്രോഹ പ്രവർത്തനത്തിന്റെ പേരിലല്ലേ അകത്തായിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഇഡിയുടെ മുമ്പിൽ ഹാജരാകേണ്ടതല്ലേ കോടിയേരിയുടെ ഭാര്യ. കോടിയേരിയുടെ മകനെ അന്വേഷിക്കട്ടെ'- എന്നായിരുന്നു എഎൻ രാധാകൃഷ്ണന്റെ വാക്കുകൾ.