ഹരിതകലാപം അടങ്ങാതെ ലീഗ്; ഫാത്തിമ തഹ്‌ലിയ നാളെ മാധ്യമങ്ങളെ കാണും
അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയാണ് തഹ്‌ലിയയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തത്
കോഴിക്കോട്: തനിക്കെതിരെയുള്ള അച്ചടക്ക നടപടിക്കു പിന്നാലെ എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ നാളെ മാധ്യമങ്ങളെ കാണും. എംഎസ്എഫിന്റെ ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്ന് നീക്കിയതിൽ തനിക്കുള്ള അതൃപ്തി തഹ്‌ലിയ മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നു പറയുമെന്നാണ് സൂചന.
അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയാണ് തഹ്‌ലിയയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റർപാഡിൽ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് തഹ്‌ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നതെന്ന് വാർത്താകുറിപ്പിൽ പറയുന്നു.
ഹരിതയുടെ പുതിയ സംസ്ഥാന സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തഹ്‌ലിയയ്‌ക്കെതിരെയുള്ള നടപടി. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും കൂടിയാലോചനകളില്ലാതെയുമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്‌ലിയ ആരോപിച്ചിരുന്നു. വിവാദങ്ങളെ തുടർന്ന് പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷറർ ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്.
ഒറ്റയ്ക്കാണെന്ന് വിചാരിക്കേണ്ട
ഹരിത വിവാദവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ഫാത്തിമ തഹ്‌ലിയ മാധ്യമങ്ങളെ കാണുന്നത്. ആഗസ്ത് 18ന് കോഴിക്കോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പെൺകുട്ടികൾ ഒറ്റയ്ക്കാണെന്ന് വിചാരിക്കേണ്ടെന്നും പല നേതാക്കളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.
'പരാതി പറഞ്ഞവർക്കൊപ്പമാണ് നിൽക്കുന്നത്. ഹരിത നേതാക്കൾ പാർട്ടി വേദിക്ക് പുറത്ത് വിമർശം ഉയർത്തിയിട്ടില്ല. പാർട്ടി നടപടിയിൽ സങ്കടമുണ്ട്, അത് പാർട്ടിയെ അറിയിക്കും. ഹരിതയോട് പാർട്ടി നീതി കാണിച്ചില്ല. ഹരിതയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങളിൽ വേദനയും പ്രതിഷേധവുമുണ്ട്. പാർട്ടിയിൽ പ്രതീക്ഷ കൈവിടുന്നില്ല. നിരന്തരമായ പ്രയാസങ്ങൾ കാരണമാണ് വനിതാ കമ്മീഷനെ സമീപിച്ചത്. വിഷയം പാർട്ടിയിൽ പറഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അതിൽ നടപടിയെടുത്തിരുന്നില്ല. വ്യക്തിഹത്യ ചെയ്ത് ഞങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുത്, ഈ പാർട്ടി സംവിധാനത്തിൽ വിശ്വാസമുണ്ട്.' - എന്നായിരുന്നു അവരുടെ വാക്കുകൾ.
പാർട്ടിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് മീഡിയ വണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിലും ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു. എം.എസ്.എഫ് നേതാക്കൾക്കെതിരെ പരാതി കൊടുത്ത പെൺകുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. താനടക്കം കടന്നുപോവുന്നത് മെന്റൽ ട്രോമയിലൂടെയാണ്. വനിതാ കമ്മീഷനിൽ കൊടുത്ത പരാതി പിൻവലിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹരിത നേതൃത്വമാണ്. ലീഗ് നടത്തിയ ചർച്ചയോടും പുറത്തിറക്കിയ വാർത്താകുറിപ്പിനോടും വിയോജിപ്പുണ്ട്. പ്രശ്നം അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞത് ഇ.ടി മുഹമ്മദ് ബഷീർ തന്നെയാണ്.- അവർ ചൂണ്ടിക്കാട്ടി.
നടപടിക്ക് നേരത്തെ നീക്കം തുടങ്ങി
വാർത്താ സമ്മേളനത്തിന് പിന്നാലെ തഹ്‌ലിയയ്‌ക്കെതിരെ ലീഗ് നടപടിയെടുക്കുമെന്ന സൂചനയുണ്ടായിരുന്നു. പത്രസമ്മേളനം അച്ചടക്ക ലംഘനമാണെന്നും അതുകൊണ്ട് തന്നെ കടുത്ത നടപടി തഹ്‌ലിയക്കെതിരെ വേണമെന്നുമാണ് ലീഗിലെ ഒരു പക്ഷം ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, ആരോപണ വിധേയനായ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് തൽസ്ഥാനത്തു തുടരുകയാണ്. ലൈംഗിക അധിക്ഷേപ പരാതിയിൽ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. ഹരിതയിലെ പത്ത് അംഗങ്ങളാണ് വനിതാ കമ്മിഷന് മുമ്പിൽ പരാതി നൽകിയിരുന്നത്. ഈ പരാതി പിന്നീട് പോലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു.
ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് സംഭവം നടന്നത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ വനിതാ നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത്, വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. ആരോപണ വിധേയനായ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ വഹാബും സമാനമായ രീതിയിലാണ് പ്രതികരിച്ചിരുന്നത്.