ഡിവൈഎഫ്ഐ മിത്രങ്ങൾക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം: ഫാത്തിമ തഹ്‍ലിയ
ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന ബിജെപി നേതാവ് ശങ്കു ടി ദാസിന്‍റെ പോസ്റ്റ് പങ്കുവെച്ചാണ് ഫാത്തിമയുടെ പരിഹാസം
ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പരിപാടിയെ ട്രോളി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റായിരുന്ന ഫാത്തിമ തെഹ്‍ലിയ. ഡിവൈഎഫ്ഐ മിത്രങ്ങൾക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം എന്നാണ് ഫാത്തിമ തെഹ്‍ലിയ ഫേസ്ബുക്കില്‍ കുറിച്ചത്.
ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന ബിജെപി നേതാവ് ശങ്കു ടി ദാസിന്‍റെ പോസ്റ്റ് പങ്കുവെച്ചാണ് ഫാത്തിമയുടെ പരിഹാസം. ഹലാല്‍ വര്‍ഗീയതയ്ക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹമാണ് എന്നാണ് ശങ്കു ടി ദാസ് ഫേസ് ബുക്കില്‍ കുറിച്ചത്. ബജ്രംഗദളോ ഹനുമാന്‍സേനയോ എങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യമാണ് ഡിവൈഎഫ്ഐ ചെയ്തതെന്നും കുറിപ്പില്‍ പറയുന്നു.
'ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ' എന്ന ടാഗ് ലൈനിൽ ജില്ലാകേന്ദ്രങ്ങളിലാണ് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്. ഹലാൽ ഭക്ഷ്യ വ്യവസായത്തിനെതിരെ സംഘ് പരിവാർ വിദ്വേഷപ്രചരണം നടത്തുന്നതിനിടെയാണിത്. സംഘ് പരിവാർ നേതാക്കൾ ഉയർത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ ചില ജില്ലാകേന്ദ്രങ്ങളിൽ ബീഫ്, ചിക്കൻ, ബിരിയാണി തുടങ്ങിയവയ്‌ക്കൊപ്പം പന്നിയിറച്ചിയും ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായിരുന്നു.
'ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്ഐ സമരസഖാക്കൾക്ക് ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ!' എന്നാണ് ചാനൽ ചർച്ചകളിലെ സംഘ്പരിവാർ മുഖമായ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ എഴുതിയത്. നേരത്തെ ഫുഡ് സ്ട്രീറ്റിൽ നോൺ ഹലാൽ പോർക്ക് വിന്താലു ഉൾപ്പെടുത്തണമെന്ന് ശ്രീജിത്ത് ട്രോളുകയുണ്ടായി.
'ഭക്ഷണത്തിൽ ഹലാലും, ഹലാലിൽ തുപ്പലും കലർത്തുന്നത് ആധുനിക സമൂഹത്തിന് ഉൾക്കൊള്ളാനാവാത്തതാണ്. ഭക്ഷണത്തിൽ മതം കൊണ്ട് വന്ന് ജനങ്ങളെ കൊണ്ട് കഫവും തുപ്പലും തീറ്റിക്കുന്ന മത ജീവികൾക്കെതിരായി ഡിവൈഎഫ്ഐ പൊതുബോധത്തെ ഉണർത്തുന്നത് തീർത്തും അഭിനന്ദനാർഹമാണ്...' അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു ഹിന്ദുവോ ക്രൈസ്തവനോ അറുത്ത ഇറച്ചി കഴിച്ച് റഹീമും റിയാസും ഷംസീറും ഒക്കെ ഹലാൽ എന്ന അയിത്താചരണത്തിനെതിരെ രംഗത്തുവരിക തന്നെ വേണമെന്നും പ്രതീഷ് എഴുതി.
ഡി.വൈ.എഫ്.ഐ മിത്രങ്ങൾക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം. 😀
Posted by Fathima Thahiliya on Wednesday, November 24, 2021