പനി പടരുന്നു; മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത് മുപ്പതിനായിരത്തിലേറെ പേര്‍
വൈറൽ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്
തിരുവനന്തപുരം: പനിച്ചൂടിൽ വിറച്ച് സംസ്ഥാനം. മുപ്പതിനായിരത്തിലേറെ പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത്. വൈറൽ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ കണക്ക് കൂടി എടുക്കുമ്പോൾ പനി ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടിയാവും.
പനി ബാധിതരെ കൊണ്ട് ആശുപത്രി വരാന്തകൾ നിറഞ്ഞു. ഓരോ ദിവസവും പതിനായിരത്തിലേറെ പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കെടുത്താൽ വൈറൽ പനി ബാധിതരുടെ എണ്ണം മുപ്പത്തിയയ്യായിരത്തിലേക്ക് എത്തും. ഇന്നലെ 11329 പേർ പനിക്ക് ചികിത്സ തേടിയപ്പോൾ വെള്ളിയാഴ്ച 11,231 പേരും വ്യാഴാഴ്ച 11,088 പേരും പനി ബാധിച്ച് ആശുപത്രിയിൽ എത്തി. സാധാരണ പനിക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് രോഗികൾ ആശുപത്രിയിൽ എത്തുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് 187 പേർക്കാണ്. 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇത് സർക്കാർ ആശുപത്രിയിലെ മാത്രം രോഗികളുടെ കണക്കാണ്. സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ കണക്ക് കൂടി എടുക്കുമ്പോൾ മൂന്ന് ദിവസത്തെ രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയേക്കും. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ഓരോ മരണവും റിപ്പോർട്ട് ചെയ്തു.
ഈ വർഷം ഇതുവരെ 2,566 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 7 പേർ മരിച്ചു. 500 പേർക്ക് എലിപ്പനി ബാധിച്ചു. ഇതിൽ 27 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. പനി ക്ലിനിക്കുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നുറപ്പാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി.