സമൂഹമാധ്യമങ്ങളിലെ തമ്മില്‍തല്ല്; വീണ്ടും കൊമ്പുകോര്‍ത്ത് കേരള കോൺഗ്രസുകൾ
പ്രതിഷേധവുമായി മാണി സി കാപ്പൻ എംഎൽഎ ഇന്ന് ഉപവാസമിരിക്കും
സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങളെച്ചൊല്ലി കേരള കോൺഗ്രസുകൾ തമ്മിൽ തർക്കം. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിലാണ് തർക്കം തുടരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അപകീർത്തിപ്പെടുത്തിയെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. എന്നാൽ ജോസ് വിഭാഗമാണ് അധിക്ഷേപം നടത്തുന്നതെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മാണി സി കാപ്പൻ എംഎൽഎ ഇന്ന് ഉപവാസമിരിക്കും.
കേരള കോൺഗ്രസ് എം പിളർപ്പിന്റെ വക്കിലെത്തിയപ്പോൾ തന്നെ ജോസ്-ജോസഫ് പക്ഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചെളിവാരിയെറിയൽ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് തോൽവിക്കു കാരണം സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളാണെന്ന് ജോസ് വിഭാഗം വിലയിരുത്തിയിരുന്നു. അപകീർത്തിപോസ്റ്റുകൾ ഇതിനുശേഷവും തുടർന്നതോടെയാണ് കേരള കോൺഗ്രസ് എം പൊലീസിൽ പരാതി നൽകിയത്.
എന്നാൽ, ജോസ് വിഭാഗമാണ് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങൾ തുടരുന്നതെന്നാണ് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നത്. മനപ്പൂർവം സത്യം മറച്ചുവയ്ക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. തർക്കത്തിൽ മാണി സി കാപ്പൻ എംഎൽഎയും ഇടപെട്ടിരിക്കുകയാണ്. യുഡിഎഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മാണി സി കാപ്പൻ ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് കാപ്പൻ ഇന്ന് ഉപവാസമിരിക്കും.