മലപ്പുറത്തെ 'തീ തുപ്പും കാർ' ഒടുവിൽ പിടിയിൽ; ഉടമക്ക് പിഴ 44,000 രൂപ
കോളേജുകളിൽ ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ താരമായിരുന്നു ഈ കാർ
മലപ്പുറം: സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ മലപ്പുറത്തെ തീതുപ്പും കാർ ഒടുവിൽ മോട്ടോർ വാഹനവകുപ്പിന്റെ പിടിയിൽ. മലപ്പുറം വെന്നിയൂരിൽ ഉടമയുടെ വീട്ടിലെത്തിയാണ് അപകടകരമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയ കാർ എം.വി.ഡി പിടികൂടിയത്. വാഹന ഉടമക്ക് 44,000 രൂപ പിഴ ചുമത്തി.
സമൂഹമാധ്യമങ്ങളിൽ തരംഗമായ കാറിനെതിരെയാണ് നടപടി. കോളേജുകളിൽ ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ താരമായിരുന്നു ഈ കാർ. നിരത്തിൽ മറ്റു വാഹനങ്ങൾക്കും കാൽ നടയാത്രകർക്കും ഭീഷണിയാകുന്ന തരത്തിൽ കാറിന്റെ പുകക്കുഴലിൽ നിന്ന് തീ വരുന്ന രീതിയിലാണ് ഹോണ്ട സിറ്റി കാർ മാറ്റം വരുത്തിയത്. കാറിൽ നിന്ന് വരുന്ന തീ ഉപയോഗിച്ച് പേപ്പർ ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിക്കുന്നതടക്കം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി . വാഹനത്തിന്റെ ഉയരം കൂട്ടുകയും കുറക്കുകയും ചെയ്യുന്ന സംവിധാനവും തീവ്രത കൂടിയ ലൈറ്റുകളും ഘടിപ്പിച്ചതായും കണ്ടെത്തി.
വാഹനത്തിലെ എട്ട് രൂപമാറ്റങ്ങൾക്കും കൂടിയാണ് നാൽപത്തിനാലായിരം പിഴ ചുമത്തിയത്. കാറിന്റെ ആർ.സി ബുക്ക് പിടിച്ചെടുത്തു. ഒരാഴ്ചക്കം വാഹനം പഴയരൂപത്തിൽ ഹാജരാക്കണമെന്നും നിർദേശം നൽകി. സാമൂഹ്യ മാധ്യമങ്ങൾ പ്രത്യേകമായി നിരീക്ഷിച്ച് വാഹന നിയമ ലംഘനങ്ങൾക്കെതിരെ നടപടി തുടരാനാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനം.