കണ്ണൂരിൽ ക്രിസ്ത്യൻ പള്ളിക്ക് തീപിടിച്ചു; അപകടം നവീകരിച്ച പള്ളിയുടെ വെഞ്ചരിപ്പിനിടെ
ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
കണ്ണൂർ: വാണിയപാറ ഉണ്ണി മിശിഹാ പള്ളിയിൽ തീപിടിത്തം. നവീകരിച്ച പള്ളിയുടെ വെഞ്ചിരിപ്പ് കർമം നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയായിരുന്നു പള്ളികെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് വെഞ്ചരിപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വൈദ്യുതി തടസമുണ്ടാവുകയും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. എന്നാല്‍ സീലിങ്ങില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. സമീപത്ത് നിന്ന് വെള്ളമെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പീന്നീട് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
എം.എല്‍.എ സണ്ണി ജോസഫ്, മേഖലയിലെ വികാരിമാര്‍ തുടങ്ങിയവരും വിശ്വാസികളും സംഭവസ്ഥലത്തുണ്ടായിരുന്നു. അപടകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തമുണ്ടായ സാഹചര്യത്തില്‍ പള്ളിയുടെ വെഞ്ചരിപ്പ് കര്‍മം മെയ് 31ന് നടത്താനും തീരുമാനമായി.