ആരാണ് ഷാറൂഖ് സെയ്ഫി? മാർച്ച് 31 മുതൽ കാണാനില്ലെന്ന് പിതാവിന്റെ വെളിപ്പെടുത്തൽ; ദിവസം രണ്ടു കഴിഞ്ഞിട്ടും ദുരൂഹത നീങ്ങാതെ ട്രെയിനിലെ തീവെപ്പ്
ആരെങ്കിലും കസ്റ്റഡിയിലുണ്ടോ എന്ന് ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു എഡിജിപിയുടെ മറുപടി
കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത ആക്രമണമാണ് ഞായറാഴ്ച ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിൽ ഉണ്ടായത്. ദിവസം രണ്ടുകഴിഞ്ഞിട്ടും സംഭവത്തിൽ ദുരൂഹതയുടെ ചുരുളഴിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്നയാളെത്തേടി പൊലീസ് നോയ്‍ഡയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഷാറൂഖ് സെയ്ഫിയെന്നയാള്‍ക്ക് സംഭവുമായി ബന്ധമില്ലെന്നാണ് ഇയാളുടെ പിതാവ് മീഡിയവണിനോട് പറഞ്ഞത്.
ഞായറാഴ്ച രാത്രി 9.11
ആലപ്പുഴ -കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിന്റെ ഡി.1 കമ്പാർട്ട്‌മെന്റ്.കോഴിക്കോട് കഴിഞ്ഞ് ട്രെയിൻ എലത്തൂർ സ്റ്റേഷനും പിന്നിട്ട് കോരപ്പുഴ പാലത്തിലേക്ക് പ്രവേശിക്കുന്നു. കോഴിക്കോട് നഗര അതിർത്തിയിലെ എലത്തൂർ കോരപ്പുഴ പാലത്തിന് മുകളിലെത്തിയപ്പോഴാണ് കേരളത്തെ നടക്കുന്ന അപ്രതീക്ഷിത സംഭവം നടന്നത്.പെട്ടന്ന് കമ്പാർട്ടുമെന്റിലെത്തിയ അജ്ഞാതൻ അടുത്തിരുന്നവരുടെ മേൽ പെട്രോൾ സ്‌പ്രേ ചെയ്ത് തീകൊളുത്തി.
തീ പടർന്ന് പൊള്ളലേറ്റ ഒൻപതു പേരിൽ രണ്ടു പേർക്ക് സാരമായ പരിക്കേറ്റു. ഒരു സ്ത്രീയും കുഞ്ഞുമടക്കം മൂന്നു പേരെ കാണാതായി. പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കമ്പാർട്ട്‌മെൻറുകളിലേക്ക് ഓടി. ആരോ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളിൽ ട്രെയിൻ നിന്നു. തിരക്ക് കുറവായിരുന്നതിനാൽ കോച്ചിൽ പല സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയപ്പോൾ ഡി 1 കോച്ച് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. അതുകൊണ്ട് പലർക്കും പുറത്തേക്കിറങ്ങാൻ സാധിച്ചില്ല.ഈ സമയം അക്രമി ഓടി മറയുകയായിരുന്നു.
ഞായറാഴ്ച രാത്രി 10 മണി
വാർത്ത കാട്ടുതീ പോലെ പടർന്നു. സ്ഥലത്ത് പൊലീസും മറ്റും പാഞ്ഞെത്തി. അക്രമിയെ കണ്ടെത്താനായില്ല. പരിക്കേറ്റവരെ വിവിധ ആശുത്രികളിലേക്ക് മാറ്റി. പരിസരത്തെ സി.സി. ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ചുവന്ന ഷർട്ടിട്ടയാളാണ് അക്രമിയെന്ന് ദൃക് സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചെത്തിയ അക്രമിക്കും പൊള്ളലേറ്റിരുന്നെന്ന് യാത്രക്കാർ മൊഴി നൽകി.
റെയിൽവെ പാളത്തിൽ മൂന്ന് മൃതദേഹങ്ങൾ
പുലർച്ചെ ഒന്നരയോടെ ഒരു സ്ത്രീയുടേയും കുഞ്ഞിന്റേയും പുരുഷന്റേയും മൃതദേഹങ്ങൾ റെയിൽ പാളത്തിൽ കണ്ടെത്തി. നേരത്തെ കാണാതായ കണ്ണൂർ പാലോട്ട്പള്ളി സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ടു വയസ്സുകാരി സഹ്‍റ, കോടോളിപ്രം സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹമായിരുന്നു അത്.. തീ കൊളുത്തുന്നതുകണ്ട് ഭയന്ന് പുറത്തുചാടിയവരാകാം മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.ഇവരുടെ ദേഹത്ത് പൊള്ളലേറ്റിരുന്നില്ല. തലക്കേറ്റ ക്ഷതമായിരുന്നു മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തെളിവായി പാളത്തിൽ ഉപേക്ഷിച്ച ബാഗ്
പുലർച്ചെ രണ്ടുമണിക്കാണ് പൊലീസ് നടത്തിയ പരിശോധനയിൽ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തുന്നത്. ബാഗിൽ ദ്രാവകം നിറച്ച കുപ്പിയടക്കമുള്ള വസ്തുക്കൾ കണ്ടെത്തുന്നത്. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും ബാഗ് വിശദമായി പരിശോധിച്ചു. ബാഗിൽ നിന്ന് മൊബൈൽ ഫോണും പെട്രോൾ നിറച്ച കുപ്പിയും കണ്ടെത്തി. തിയ്യതി വെച്ച് ഡയറി പോലെ എഴുതിയ നോട്ട്ബുക്കും ബാഗിലുണ്ടായിരുന്നു. ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. നിരവധി ആണികളും ടിഫിൻ ബോക്‌സും കണ്ടെത്തി. ടിഫിൻ ബോക്‌സിൽ ഭക്ഷണമാണ് ഉണ്ടായിരുന്നത്. കണ്ണട, നാണയങ്ങൾ, ടീ ഷർട്ട് എന്നിവയും ബാഗിലുണ്ടായിരുന്നു. മാർച്ച് 30നാണ് ഫോൺ അവസാനമായി പ്രവർത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.മോട്ടറോള കമ്പനിയുടെ സിം കാർഡ് ഇല്ലാത്ത പഴയ മൊബൈൽ ഫോണാണ് ബാഗിലുണ്ടായിരുന്നത്. ഫോണിൽ നിന്ന് പോയ കോളുകൾ, ഫോണിലേക്ക് വന്ന കോളുകൾ, അവസാനത്തെ ടവർ ലൊക്കേഷൻ അടക്കം കണ്ടെത്താനുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. ബാഗില്‍ നിന്ന് കണ്ടെടുത്ത കുറിപ്പിൽ ചിറയിൻകീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചൽ, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് രേഖപ്പെടുത്തിയത്. നോട്ട് ബുക്കിലെ കുറിപ്പിൽ കാർപെന്റർ എന്ന വാക്ക് ആവർത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. നോയിഡ വിലാസമുള്ള സ്ലിപ്പും കണ്ടെത്തി.
അക്രമിയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, ഒടുവിൽ തിരുത്തി പൊലീസ്
തിങ്കളാഴ്ച രാവിലെയാണ് അക്രമിയുടേതെന്ന് കരുതുന്ന സി.സി. ടി.വി. ദൃശ്യങ്ങൾ പുറത്തു വന്നത്.ചുവന്ന കള്ളിഷർട്ടിട്ട യുവാവ് ഫോൺചെയ്യുന്നതും ഒരു ബൈക്കിൽ കയറിപ്പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇത് പ്രതിയാണെന്ന രീതിയിൽ വ്യാപകമായ രീതിയിൽ പ്രചരിക്കുകയും ചെയ്തു.എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ അത് പ്രതിയുടേതല്ലെന്നും കാപ്പാട് സ്വദേശിയായ വിദ്യാർഥിയുടേതാണെന്നും പൊലീസ് സ്ഥിരീകരിച്ചു. വിദ്യാർഥി പ്രതിയുടേതിന് സമാനമായ ഷർട്ട് ധരിച്ചതാണ് സംശയത്തിനിടയാക്കിയത്.
പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്
സാക്ഷികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് തയാറാക്കി പുറത്ത് വിട്ടു. അക്രമിയെ നേരിട്ടുകണ്ട, സംഭവത്തിന്റെ ദൃക് സാക്ഷി റാസിഖിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയത്. എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയ്യാറാക്കിയത്..പ്രതി ഇതരസംസ്ഥാന തൊഴിലാളിയാണെന്നും സാക്ഷികളുടെ മൊഴിയുണ്ടായിരുന്നു.
പ്രതി നോയ്‍ഡ സ്വദേശി ഷാറൂഖ് സെയ്ഫിയെന്ന് സൂചന
തിങ്കളാഴ്ച ഉച്ചയോടെയാണ് അക്രമി നോയിഡ സ്വദേശിയെന്ന് സംശയം പൊലീസ് പങ്കുവെച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന ഫോണിന്റെ IMEA കോഡിൽ നിന്നാണ് നോയിഡ സ്വദേശിയെന്ന സൂചന ലഭിച്ചത്. മൊബൈലിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. പ്രതിയുടെ രേഖാ ചിത്രവുമായി സാദൃശ്യമുള്ള ആൾ ചികിത്സ തേടിയെന്ന സംശയത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ റെയിൽവെ പൊലീസ് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് നോയ്ഡ സ്വദേശി ഷാറൂഖ് സെയ്ഫി കസ്റ്റഡിയലാണെന്നും വാർത്തകൾ പുറത്ത് വന്നത്.വഴിത്തിരിവായത് ആശുപത്രിയിൽ നൽകിയ വ്യാജ വിലാസവും ട്രാക്കിനരികിൽ കണ്ടെത്തിയ ഫോണുമായിരുന്നു. എന്നാൽ പ്രതി കസ്റ്റഡിയിലാണെന്ന വാർത്ത പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഷാരൂഖ് സെയ്ഫിയുടെ വിവരങ്ങൾ തേടി കേരള പൊലീസ് നോയ്ഡയിൽ
ട്രെയിനിൽ സഹയാത്രികരെ തീ കൊളുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്ഫിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയാണ് റെയിൽവേ പൊലീസ് നോയിഡയിലെത്തിയത്. റെയിൽവേ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഇന്നലെയാണ് കരിപ്പൂരിൽ ഡൽഹിയിൽ വെച്ച് ഷാരൂഖ് സെയ്ഫിയുടെ ഫോൺ സ്വിച്ച് ഓഫായെന്നാണ് പൊലീസ് പറയുന്നത് . ഇയാൾ ആദ്യമായാണ് കേരളത്തിലെത്തിയതെന്നും ആസൂത്രിതമായാണ് ട്രെയിനിൽ അക്രമം നടത്തിയതെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.
ഷാരൂഖ് സെയ്ഫിയെ മാർച്ച് 31 മുതൽ കാണാനില്ലെന്ന് പിതാവ് മീഡിയവണിനോട്
ഡൽഹി സ്വദേശി ഷാരൂഖ് സെയ്ഫിയെ മാർച്ച് 31 മുതൽ കാണാനില്ലെന്ന് പിതാവ് ഫക്രുദ്ദീൻ സെയ്ഫി മീഡിയവണിനോട് പറഞ്ഞു. ഷാരൂഖ് സെയ്ഫി കേരളത്തിൽ പോയിട്ടില്ലെന്നും തന്റെ മകന് നന്നായി ഇംഗ്ലീഷ് അറിയില്ലെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു .
ഷാരൂഖ് സെയ്ഫിയെ കാണാനില്ലെന്ന് കഴിഞ്ഞ രണ്ടാം തീയതി പോലീസിൽ പരാതി നൽകിയിരുന്നു. കേരളത്തിൽ പോകാൻ ഒരു സാധ്യതയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ട്രെയിൻ തീവയ്പ്പ് സംഭവവുമായി മകന് ഒരു ബന്ധവും ഇല്ലെന്നാണ് ഫക്രൂദ്ദിൻ സെയ്ഫി ഉറപ്പിച്ചു പറയുന്നത് . ഉത്തർപ്രദേശിലെ നോയ്ഡയിൽ പിതാവിന്റെ ഒപ്പം തടിഉരുപ്പടികളും ഗൃഹോപകരണങ്ങളും ഉണ്ടാക്കി വിൽക്കുന്നയാളാണ് 24 കാരനായ ഷാരൂഖ് സെയ്ഫി.
കേരളവുമായി ഒരു ബന്ധവുമില്ല . തെക്കേ ഇന്ത്യയിൽ പോലും അറിയില്ല ഇംഗ്ലീഷ് കുറച്ചു അറിയാം .എന്നാൽ നന്നായി അറിയില്ല. കേരളത്തിൽ പോകാനൊരു സാധ്യതയും ഇല്ല. കഴിഞ്ഞ മാർച്ച് 31 നാണു ഷാരൂഖ് സെയ്ഫിയെ കാണാതായത് . രണ്ടു ദിവസം കാത്തിരുന്നിട്ടും മടങ്ങി എത്താതിരുന്നതിനെ തുടർന്നാണ് ഞായറാഴ്ച പരാതി നൽകിയത്. കാണാതാകുന്നതിനു മുൻപ് ബന്ധപ്പെട്ടിരുന്ന ഫോൺ നമ്പറുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണു ഡൽഹി പോലീസ് ഷഹീൻ ബാഗിലെ വസതിയിൽ എത്തിയത്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് പൊലീസ്
എലത്തൂരിലെ ട്രെയിൻ തീവെപ്പ് കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് എം ആർ അജിത്കുമാർ. ആരെങ്കിലും കസ്റ്റഡിയിലുണ്ടോ എന്ന് ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു മറുപടി. എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിൻറെ യോഗം കോഴിക്കോട് ചേരുകയും ചെയ്തു..
ആസൂത്രിത നീക്കം അക്രമത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നത്.