അധികാരം കാണിച്ച് പാവങ്ങളെ പേടിപ്പിക്കരുത്, അന്തസ്സും അഭിമാനവും ഏതൊരാൾക്കും പ്രധാനമാണ്; മന്ത്രിയെ വിമർശിച്ച് ഫിറോസ്

തൈക്കാട് സർക്കാർ റസ്റ്റ്ഹൗസിൽ മിന്നൽ പരിശോധന നടത്തുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഇതിനെ വിമർശിച്ചാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.

Update: 2021-11-04 15:24 GMT
Editor : abs | By : Web Desk
Advertising

പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിൽ മിന്നൽ പരിശോധന നടത്തി ജീവനക്കാരനെ ശകാരിച്ച പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പികെ ഫിറോസ്. അധികാരവും പത്രാസും കാട്ടി ആരെയും പേടിപ്പിക്കരുത്. അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനപ്പെട്ടതാണെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തൈക്കാട്ട് സർക്കാർ റസ്റ്റ്ഹൗസിൽ മിന്നൽ പരിശോധന നടത്തുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഇതിനെ വിമർശിച്ചാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. 'സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കണം. അല്ലാതെ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയയുടെ മുന്നിൽ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടത്'. പികെ ഫിറോസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് സന്ദർശിക്കുന്ന ഒരു വീഡിയോ കണ്ടു. ഫൈസ്ബുക്ക് ലൈവുമായിട്ടാണ് ആളുടെ വരവ്. വന്ന പാടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ട്. സർക്കാറിന്റെ തീരുമാനം പൊളിക്കാൻ നടക്കാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നത്. എന്നാൽ കാണട്ടെ എന്നൊക്കെ വെല്ലുവിളിക്കുന്നുമുണ്ട്.

തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേൽ കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏർപ്പാട് നിർത്തണം. ഒരു സ്ഥാപനത്തിൽ സന്ദർശനം നടത്തുമ്പോൾ അവിടെ മതിയായ സ്റ്റാഫിനെ സർക്കാർ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം.

സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയയുടെ മുമ്പിൽ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടത്. ആ സാധു ജീവനക്കാരൻ വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെൽപ്പുണ്ടാവില്ല. അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണ്. താങ്കളത് മറക്കരുത്.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News