മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവം; ബാലിസ്റ്റിക് വിദഗ്ധ സംഘം വീണ്ടും പരിശോധന നടത്തും

നാവിക സേനയുടെ വെടിവെപ്പ് പരിശീലനം നടന്ന ഐ.എൻ.എസ് ദ്രോണാചാര്യയിൽ സംഘം പരിശോധനയ്ക്കായി വീണ്ടും എത്തും

Update: 2022-09-21 01:41 GMT
Editor : ijas
Advertising

ഫോര്‍ട്ട് കൊച്ചി: കൊച്ചിയിൽ മത്സ്യ തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ധ സംഘം വീണ്ടും പരിശോധന നടത്തും. നാവിക സേന പരിശീലന കേന്ദ്രവും വെടിയേറ്റ മത്സ്യത്താഴിലാളി സഞ്ചരിച്ച ബോട്ടുമാണ് പരിശോധിക്കുക. നാവിക സേന ഉദ്യോഗസ്ഥരുടെ മൊഴി ഇന്നും രേഖപ്പെടുത്തും. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ വീണ്ടും പരിശോധനകൾ നടത്തണമെന്ന് ബാലിസ്റ്റിക് വിദഗ്ധ സംഘം തീരദേശ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

നാവിക സേനയുടെ വെടിവെപ്പ് പരിശീലനം നടന്ന ഐ.എൻ.എസ് ദ്രോണാചാര്യയിൽ സംഘം പരിശോധനയ്ക്കായി വീണ്ടും എത്തും. ഒപ്പം മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ബോട്ടും വീണ്ടും പരിശോധിക്കും. അതിന് ശേഷമേ സംഭവത്തിൽ ഒരു തീരുമാനത്തിൽ എത്താനാവുകയുള്ളൂ എന്നാണ് വിദഗ്ധ സംഘം അറിയിച്ചിരിക്കുന്നത്. വെടിയുണ്ടയുടെയും കസ്റ്റഡിയിലെടുത്ത ഇൻസാസ് തോക്കുകളുടെയും ശാസ്ത്രീയ പരിശോധന ഫലം വരുന്നതിന് മുൻപ് തന്നെ വെടിവെപ്പ് പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ സേനാംഗങ്ങളുടെയും മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് തീരദേശ പൊലീസിൻ്റെ ശ്രമം. സംഭവ ദിവസം നാവിക സേന ഉദ്യോഗസ്ഥർ പരിശീലനത്തിന് ഉപയോഗിച്ച കൂടുതൽ തോക്കുകൾ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. സംഭവത്തിൽ നേവിയുടെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുകയാണ്.

സെപ്റ്റംബര്‍ ഏഴിന് രാവിലെ അൽ റഹ്‌മാൻ എന്ന ഇൻബോർഡ്‌ വള്ളത്തിൽ മീൻപിടിക്കാൻപോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയിൽ സെബാസ്റ്റ്യനാണ്‌ (70) വെടിയേറ്റത്‌. വലതുചെവിയുടെ താഴെ കൊണ്ട വെടിയുണ്ട ചെവി തുളച്ച്‌ കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. നാവികസേന പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയുടെ സമീപത്ത് വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റ്യൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു. ചെവിയിൽ നിന്ന് ചോരയൊലിക്കാൻ തുടങ്ങിയതോടെയാണ് വെടിയേറ്റതാവാം എന്ന നിഗമനത്തിലെത്തുന്നത്. സെബാസ്റ്റ്യനൊപ്പം മുപ്പതോളം മത്സ്യത്തൊഴിലാളികളും ബോട്ടിലുണ്ടായിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News