കോവളത്ത് മന്ത്രി അഹമ്മദ് ദേവർകോവിലിനെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ; പ്രതിഷേധം സഹായധനം ലഭിച്ചില്ലെന്നാരോപിച്ച്
ഒരു വിഭാഗം ആളുകൾക്ക് സഹായം ലഭിച്ചില്ലെന്നാരോപിച്ചാണ് മന്ത്രിയെ തടഞ്ഞത്. വൈകിട്ട് അഞ്ച് മണിക്ക് ചർച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. സാമ്പത്തിക സഹായം ലഭിക്കേണ്ട പട്ടികയിൽ ഉൾപ്പെട്ടിട്ടും സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്നാരോപിച്ചാണ് മന്ത്രിയെ തടഞ്ഞത്. ചർച്ച നടത്താമെന്ന് മന്ത്രി പറഞ്ഞെങ്കിലും മത്സ്യത്തൊഴിലാളികൾ അംഗീകരിക്കാൻ തയ്യാറായില്ല.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായിട്ടാണ് കട്ടമര തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ഇത് വിതരണം ചെയ്യാൻ വേണ്ടി അഹമ്മദ് ദേവർകോവിൽ രാവിലെ തിരുവനന്തപുരം കോവളത്ത് എത്തി.
സഹായവിതരണം നടക്കുന്നതിനിടെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി എത്തി. ഇതിന് പിന്നാലെ പുറത്തിറങ്ങിയ മന്ത്രിയുടെ വാഹനം മത്സ്യത്തൊഴിലാളികൾ തടഞ്ഞു.
പോലീസ് എത്തി പാടുപെട്ട് മന്ത്രിയുടെ വാഹനം കടത്തിവിട്ടു. സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടും തങ്ങൾക്ക് സഹായം ലഭിക്കുന്നില്ലെന്നും ഒരു വിഭാഗത്തിന് മാത്രമാണ് സഹായം നൽകുന്നത് എന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. മന്ത്രി പോയതിന് പിന്നാലെ കോവളം റോഡ് മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചു. പോലീസ് ഇടപെട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും വഴങ്ങാൻ മത്സ്യത്തൊഴിലാളികൾ തയ്യാറായില്ല.
Watch Video Report