അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടംതിരിഞ്ഞ് തിരുവനന്തപുരം പൊഴിയൂരിലെ മത്സ്യത്തൊഴിലാളികൾ
ഹാർബർ നിർമിച്ച് നൽകാമെന്ന് അധികൃതർ പറഞ്ഞെങ്കിലും നിർമാണം വാഗ്ദാനത്തിൽ ഒതുങ്ങി.
പൊഴിയൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടംതിരിയുകയാണ് തിരുവനന്തപുരം പൊഴിയൂരിലെ മത്സ്യത്തൊഴിലാളികള്‍. കടല്‍ കരയിലേക്ക് കയറി പകുതിയിലധികം തീരവും ഇല്ലാതായി. അമ്പത് മീറ്റര്‍ തീരം പോലും പൊഴിയൂരില്‍ ഇല്ല. ഹാര്‍ബര്‍ നിര്‍മിച്ച് നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഹാര്‍ബര്‍ നിര്‍മാണം വാഗ്ദാനത്തില്‍ ഒതുങ്ങി.
ഇക്കഴിഞ്ഞ മഴയില്‍ തിരുവനന്തപുരത്ത് ഏറ്റവും അധികം കടല്‍ക്ഷോഭം ഉണ്ടായ പ്രദേശമാണ് പൊഴിയൂര്‍. പരുത്തിയൂര്‍, കൊല്ലംങ്കോട്, നീരോടി വരെയുള്ള പ്രദേശങ്ങളിലെ തീരവും റോഡും കടലെടുത്തു. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗമായ വള്ളവും വലയും നശിച്ചു. വീട് ഇടിഞ്ഞ് തകര്‍ന്നു. തകര്‍ന്ന വള്ളങ്ങള്‍ റോഡരികില്‍ ഉപേക്ഷിച്ച് ഇനിയെന്ത് ചെയ്യുമെന്നറിയാതെ കടലിലേക്ക് നോക്കി നെഞ്ചുതകര്‍ന്നിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍.
പൊഴിയൂരില്‍ ആയിരത്തിനടുത്ത് വള്ളങ്ങള്‍ ഉണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഇവ സുരക്ഷിതമായി സൂക്ഷിക്കാന്‍ സ്ഥലം ഇവിടുത്തുകാര്‍ക്ക് ഇല്ല. കടലെടുത്ത് തീരം ഓരോദിവസവും ഇല്ലാതാകുന്നു. ഹാര്‍ബര്‍ നിര്‍മിക്കാനുള്ള പഠനം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. പക്ഷേ പഠനം നടത്തിയതല്ലാതെ ഹാര്‍ബര്‍ വന്നില്ല. ദിവസ വാടകയ്ക്ക് വിഴിഞ്ഞം ഹാര്‍ബറിലാണ് വള്ളങ്ങള്‍ സൂക്ഷിക്കുന്നത്.
കടലില്‍ പോയാലും ഇല്ലെങ്കിലും വാടക കൊടുക്കേണ്ടിവരും. ഹാര്‍ബര്‍ വന്നാല്‍ വള്ളങ്ങള്‍ സംരക്ഷിക്കാനും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാനും കഴിയുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി പണിത ഓഖി സ്മാരകവും നാശത്തിന്റെ വക്കിലാണ്.