'പൊലീസ് പറഞ്ഞ കള്ളം മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു'; മീൻകുട്ട തട്ടിത്തെറിപ്പിച്ചില്ലെന്ന വാദം തള്ളി മത്സ്യത്തൊഴിലാളി

പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. നിരപരാധിയായ തന്റെ വാക്ക് അംഗീകരിക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളി മേരി വർഗ്ഗീസ്.

Update: 2021-08-02 12:22 GMT
Advertising

മുഖ്യമന്ത്രി പൊലീസ് പറഞ്ഞ കള്ളം ആവർത്തിക്കുകയാണെന്ന് കൊല്ലത്തെ മത്സ്യത്തൊഴിലാളി മേരി വർഗ്ഗീസ്. നിരപരാധിയായ തന്റെ വാക്ക് അംഗീകരിക്കുന്നില്ലെന്നും മേരി വര്‍ഗീസ് പറഞ്ഞു. മത്സ്യം വലിച്ചെറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം  നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് മേരി വർഗ്ഗീസ് വിശദീകരണവുമായി രംഗത്തെത്തിയത്. 

മത്സ്യ കച്ചവടത്തെ കുറിച്ച് പ്രദേശവാസികൾ പരാതി അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും സ്ഥലം ഡി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാല്‍ കച്ചവടം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നെന്നുമാണ് പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, പൊലീസ് മീൻ തട്ടിത്തെറിപ്പിച്ചില്ലെന്ന് പറയാൻ മുഖ്യമന്ത്രി അവിടെയില്ലായിരുന്നുവെന്നാണ് മേരി വർഗ്ഗീസിന്‍റെ പ്രതികരണം. പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പാരിപ്പളളി പരവൂര്‍ റോ‍ഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന മേരിക്കെതിരെ പൊലീസ് നടപടിയുണ്ടായെന്ന ആരോപണത്തിന്മേല്‍ വലിയ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടന്നത്. പ്രാദേശിക ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്തയ്ക്കു പിന്നാലെ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളും, സാമൂഹ്യ പ്രവര്‍ത്തകരും പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. മീൻ കുട്ട വലിച്ചെറിഞ്ഞ് മത്സ്യം നശിപ്പിച്ചെന്നായിരുന്നു പരാതി. ഇതിന്‍റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണം പാടെ നിഷേധിക്കുകയായിരുന്നു പൊലീസ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പിഴ ചുമത്തിയ നടപടിക്കെതിരെ ആസൂത്രിതമായി ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്നായിരുന്നു പൊലീസിന്‍റെ വാദം. മീന്‍ ഉപേക്ഷിക്കപ്പെട്ട നിലയിലെ ദൃശ്യങ്ങളല്ലാതെ പൊലീസ് ഇത് എറിയുന്ന ദൃശ്യങ്ങള്‍ ഇല്ല എന്ന കാര്യവും ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയത്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News