മുതലപ്പൊഴിയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞു; തൊഴിലാളികൾ നീന്തി രക്ഷപെട്ടു

കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്

Update: 2023-07-04 02:52 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. കടലിലേക്ക് ഒഴുകിപോയ വള്ളം കരയ്ക്കെത്തിക്കാൻ ശ്രമം തുടരുകയാണ്. 

ഇന്ന് രാവിലെ ആറുമണിയോടെ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് ശക്തമായ തിരക്കിൽപെട്ട് മറിഞ്ഞത്. ബോട്ട് ഉൾക്കടലിലേക്ക് നീങ്ങുകയായാണെന്നാണ് വിവരം. ബോട്ട് കരയ്ക്കടുപ്പിക്കാനുള്ള ശ്രമങ്ങൾ മണിക്കൂറുകളായി തുടരുകയാണ്.

കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്. ജൂണിൽ ഒരാഴ്ചക്കിടെ ആറ് അപകടങ്ങളാണ് മുതലപ്പൊഴിയിൽ നടന്നത്.കടലിൽ മണൽ കുമിഞ്ഞു കൂടിയതും അശാസ്ത്രീയമായ പുലിമുട്ട് നിർമാണവുമാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

കടലിനോട് മാത്രമല്ല മരണത്തോടും മല്ലിട്ടാണ് മുതലപ്പൊഴിയിലെ ഓരോ മത്സ്യത്തൊഴിലാളിയുടേയും ജീവിതം. മരണക്കെണിയായി മുന്നിൽ കുമിഞ്ഞുകൂടിയ മണലോ തകർന്നു വീണ പുലിമുട്ടോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഓരോ മത്സ്യത്തൊഴിലാളിയും കടലിൽ പോകുന്നത്. ഹാർബറിൻറെ പ്രവേശന കവാടത്തിലാണ് അപകടമേറെയും.പുലിമുട്ടിൻറെ ഭാഗമായുള്ള കരിങ്കല്ലുകൾ ഏറെയും കടലിലാണ്. മണൽ നിറഞ്ഞ് ഈ ഭാഗങ്ങളിൽ ആഴമില്ലാതായതും അപകടം കൂട്ടി. വഴി തിരിച്ചറിയാൻ രണ്ടു ഭാഗത്തും സ്ഥാപിച്ച ലൈറ്റുകളെല്ലാം അണഞ്ഞിട്ട് ഒരുപാട് നാളായി.

മുതലപ്പൊഴിയിലെ മണൽനീക്കൽ അദാനി ഗ്രൂപ്പിന്റെ ചുമതലയാണ്. മൂന്ന് മാസത്തിലൊരിക്കൽ മണൽ നീക്കണമെന്ന വ്യവസ്ഥ നടപ്പായില്ല. രണ്ട് ജെ.സി.ബി ഉപയോഗിച്ച് മൺസൂണിന് മുമ്പ് മണൽ നീക്കിയതു കൊണ്ട് ആഴമുറപ്പാക്കാനും കഴിഞ്ഞില്ല. ഇതാണ് ഈ മാസം അപകടം കൂട്ടിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ മുതലപ്പൊഴി അപകടങ്ങളുടെ ആവർത്തനമാകും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News