വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അഞ്ച് വയസ്സുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം

തെരുവുനായ കടിച്ചാൽ ജനങ്ങൾക്ക്‌ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന നിർദേശവുമായി ഹൈക്കോടതി

Update: 2022-09-16 15:35 GMT
Advertising

എറണാകുളത്ത് അഞ്ച് വയസ്സുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം. വീടിന് മുമ്പിൽ കളിക്കുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. കൈക്കും കാലിനുമാണ് പരിക്ക്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ആലപ്പുഴ വണ്ടാനത്ത് പേയിളകിയ ആടിനെ കൊന്നു. മൃഗസംരക്ഷണ വകുപ്പണ് ആടിനെ കൊന്നത്. പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ബുധനാഴ്ച മുതൽ ആടിനെ കൂട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു.

തെരുവുനായ കടിച്ചാൽ ജനങ്ങൾക്ക്‌ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന നിർദേശവുമായി ഹൈക്കോടതി രംഗത്ത് വന്നു. ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവിറക്കാമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പേവിഷ ബാധയുള്ളതായി സംശയിക്കുന്ന നായകളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അവയെ പിടികൂടി ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റണമെന്നും കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ നടപടി വേണമെന്ന അനിമൽ വെൽഫയർ ബോർഡും കോടതിയെ അറിയിച്ചു. തെരുവ് നായ്ക്കളെ അക്രമിക്കുന്നത് സംബന്ധിച്ച് ഡിജിപി ഇറക്കിയ സർക്കുലർ കോടതിയിൽ ഹാജരാക്കി. തെരുവുനായ ശല്യം നേരിടാനുള്ള നടപടികൾ സ്വീകരിച്ചതായി സർക്കാരും കോടതിയെ അറിയിച്ചു.

തെരുവു നായകൾക്കെതിരെയുള്ള അതിക്രമം തടയണമെന്ന് നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ പുറത്തിറക്കിയിരുന്നു. നായ്ക്കളെ ഉപദ്രവിക്കുന്നതും വിഷം നൽകുന്നതും തടയണമെന്ന് എസ് എച്ച് ഒമാർക്ക് ഡിജിപി അനിൽ കാന്ത്‌ നിർദേശം നൽകി. തെരുവ് നായകൾ പൊതുജനങ്ങളെ മാരകമായ രീതിയിൽ കടിച്ച് പരിക്കേല്പ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പൂർണമായും ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ത്വരിതഗതിയിൽ തന്നെ സ്വീകരിച്ചു വരുന്ന സാഹചര്യത്തിൽ പൗരന്മാർ നിയമം കയ്യിലെടുക്കരുതെന്ന്‌ ഡിജിപി സർക്കുലറിൽ അറിയിച്ചു.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേര്‍ക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തി എൺപത്തി ആറായിരം പേര്‍ക്ക്. ഈ വര്‍ഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.

മെയ് മുതല്‍ ആഗസ്റ്റ് വരെ ചികിത്സ തേടിയത് ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരം പേര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തേക്കാള്‍ ഏറ്റവും കൂടുതല്‍ പേ വിഷ ബാധയേറ്റുള്ള മരണമുണ്ടായത് ഈ വര്‍ഷമാണ്.21 പേര്‍.വാക്സിന്‍ സ്വീകരിച്ചവരും മരണത്തിന് കീഴടങ്ങി എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെ മൂന്ന് ലക്ഷത്തോളം തെരുവുനായക്കളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ പ്രാഥമിക കണക്ക്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News