'രാഹുലിന്റെ പരിപാടിയിൽ ലീഗിന്റെയും കോൺഗ്രസിന്റെയും കൊടി ഒന്നിച്ച് കെട്ടി'; വിഡി സതീശന്റെ മറുപടി
സമസ്‌തയിലെ പ്രശ്നം ലീഗിന്റെ വിജയത്തെ ബാധിക്കില്ലെന്നും മലപ്പുറത്തും പൊന്നാനിയിലും കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
പാലക്കാട്: രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുപരിപാടികളിൽ ലീഗിന്റേയും കോൺഗ്രസിന്റെയും കൊടികൾ കെട്ടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏത് പരിപാടിയിൽ കൊടികെട്ടണം എന്ന് UDF തീരുമാനിക്കും. സമസ്തയിലെ പ്രശ്നം ലീഗിന്റെ വിജയത്തെ ബാധിക്കില്ലെന്നും മലപ്പുറത്തും പൊന്നാനിയിലും കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്നും സതീശൻ പറഞ്ഞു.
"ഞാൻ രാഹുൽ ഗാന്ധിയുടെ കൂടെ കണ്ണൂരും പാലക്കാടും പ്രചാരണത്തിന് പോയ ആളാണ്. എല്ലായിടത്തും ലീഗിന്റെ കൊടിയും കോൺഗ്രസിന്റെ കൊടിയും ഒരുമിച്ച് കെട്ടിയിട്ടുണ്ട്. പിന്നെ ഓരോ പ്രചാരണത്തിനും ഞങ്ങൾ ഏത് കൊടിപിടിക്കണം പ്ലക്കാർഡ് പിടിക്കണം എന്ന് എകെജി സെന്ററിലോ പിണറായിയോ അല്ല തീരുമാനിക്കേണ്ടത്. അത് ഞങ്ങൾ തീരുമാനിച്ചോളാം"; സതീശൻ പറഞ്ഞു.
വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിന്റെയും ലീഗിന്റെയും പതാക ഒഴിവാക്കിയതിൽ യു.ഡി.എഫിനെ സി പി എം കടന്നാക്രമിച്ചിരുന്നു. ലീഗിന്റെ പതാക ഒഴിവാക്കാനാണ് കോൺഗ്രസ് പതാകക്ക് അയിത്തം കൽപ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. ബി.ജെ.പിയെ ഭയന്നാണ് സ്വന്തം പതാക കോൺഗ്രസ് ഒളിപ്പിച്ചതെന്നും ഇത് ഭീരുത്വമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ലീഗിൻ്റെ പതാക കണ്ടാൽ ഉത്തരേന്ത്യയിൽ പാകിസ്താൻ കൊടിയാണെന് പറയുമെന്നും ഇതിൽ ഭയന്നാണ് പ്രചാരണത്തിൽ ലീഗിന്റെ കൊടി ഉപേക്ഷിച്ചതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വിമർശനം.
എന്നാൽ, ലീഗിന്റെ കൊടിയുണ്ടോ എന്ന് സി.പി.എം നോക്കേണ്ട കാര്യമില്ലെന്നും രാഹുൽഗാന്ധിക്ക് സിന്ദാബാദ് വിളിക്കാൻ മാത്രമേ രാജ്യത്ത് പലയിടത്തും സി.പി.എമ്മിനാകൂവെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും വിമർശിച്ചിരുന്നു.