യുജിസി നെറ്റ് പരീക്ഷ നടത്തിപ്പിലെ അപാകതകൾ പരിഹരിക്കണം: എം.എസ്.എഫ്
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷ പോലും ശരിയാംവണ്ണം നടത്താൻ ശ്രമിക്കാത്ത എന്‍.റ്റി.എ ഉദ്യോഗാര്‍ഥികളോട് ചെയ്യുന്ന ക്രൂരതയാണിതെന്നും അഹ്മദ് സാജു കൂട്ടിച്ചേർത്തു
കോഴിക്കോട്: രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിദ്യാർഥികൾ എഴുതുന്ന യുജിസി നെറ്റ് പരീക്ഷയുടെ നടത്തിപ്പിൽ ഗുരുതരമായ കൃത്യവിലോപമാണ് എന്‍.റ്റി.എ നടത്തിയിരിക്കുന്നതെന്നു എം.എസ്.എഫ് നാഷണൽ പ്രസിഡന്‍റ് പി.വി അഹ്മദ് സാജു. പരീക്ഷയുടെ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുമ്പുമാത്രമാണ് ഹാൾ ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നത്. മാത്രമല്ല, ഒട്ടുമിക്ക പേർക്കും സംസ്ഥാനത്തിന്‍റെ പുറത്തുൾപ്പെടെ വളരെ ദൂരെയുള്ള സ്ഥലങ്ങളിലാണ് കേന്ദ്രങ്ങൾ ലഭിക്കുന്നത് എന്നതുകൊണ്ട് തന്നെ ഒരു ദിവസം കൊണ്ട് യാത്ര ചെയ്യാൻ കഴിയാതെ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷ പോലും ശരിയാംവണ്ണം നടത്താൻ ശ്രമിക്കാത്ത എന്‍.റ്റി.എ ഉദ്യോഗാര്‍ഥികളോട് ചെയ്യുന്ന ക്രൂരതയാണിതെന്നും അഹ്മദ് സാജു കൂട്ടിച്ചേർത്തു. ഇ.ടി മുഹമ്മദ് ബഷീർ എം.പി വഴി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും യു.ജി.സി ചെയർമാനും കത്തയച്ചു. വിദ്യാർഥികൾക്ക് എത്തിപ്പെടാവുന്ന ദൂരത്തിലാക്കി പുനഃക്രമീകരിക്കണമെന്നും പരീക്ഷയുടെ ഒരാഴ്‌ച മുമ്പെങ്കിലും ഹാൾ ടിക്കറ്റ് ഇഷ്യൂ ചെയ്യണമെന്നും വരാനിരിക്കുന്ന മറ്റു വിഷയങ്ങളുടെ പരീക്ഷകൾ അപാകതകൾ പരിഹരിച്ച് നടത്തണമെന്നും കത്തിൽ ആവശ്യപെട്ടു.