കാസർകോട്ടെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ലയെന്ന് സ്ഥിരീകരിച്ചു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികളിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്

Update: 2022-05-03 13:57 GMT
Advertising

കാസര്‍കോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. 

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ ഐഡിയൽ കൂൾ ബാറിന്‍റെ പാർട്ണർ അഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടയിലെ രണ്ട് ജീവനക്കാരും അറസ്റ്റിലായിരുന്നു. കടയുടമയായ പിലാ വളപ്പിൽ കുഞ്ഞഹമ്മദിനെയും കേസില്‍ പ്രതി ചേര്‍ത്തു.  

അതിനിടെ, വയനാട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ ഒമ്പത് വിനോദ സഞ്ചാരികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നെത്തിയവരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. കമ്പളക്കാട്ടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് വിനോദസഞ്ചാരികള്‍ വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ഒരു ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തുകയും ചെയ്തു. കമ്പളക്കാട് ക്രൗൺ ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. സാമ്പിളുകൾ പരിശോധനയ്ക്കയക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News