നിലമ്പൂർ പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു
1200 ഹെക്ടർ വരുന്ന വനമേഖലയിൽ തിങ്കളാഴ്ച തുടങ്ങിയ കാട്ടുതീ ഇപ്പോഴും പടരുകയാണ്.
Update: 2024-04-03 04:21 GMT


മലപ്പുറം: നിലമ്പൂർ പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു. തിങ്കളാഴ്ച തുടങ്ങിയ കാട്ടുതീ കൂടുതൽ ശക്തിയോടെ പടരുകയാണ്. ഫയർഫോഴ്‌സിന് ഇവിടേക്ക് എത്താൻ കഴിയാത്തതാണ് വലിയ പ്രതിസന്ധിയാവുന്നത്. വനംവകുപ്പിനും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.
കരടിപ്പാറ മേഖലയിൽ 1200 ഹെക്ടർ വനമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടന്നുചെന്ന് തീയണക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മറ്റു വാഹനങ്ങൾക്കൊന്നും ഇങ്ങോട്ടെത്താൻ കഴിഞ്ഞിട്ടില്ല. തിങ്ങിനിറഞ്ഞ അടിക്കാട് ആയതിനാൽ കാട്ടുതീ അതിവേഗത്തിൽ പടരുകയാണ്. കാട്ടുതീ പടരുന്നതിനാൽ വന്യജീവികൾ ജനവാസമേഖലയിലേക്ക് ഇറങ്ങിയേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.