വ്യാജരേഖ കേസ്: നീലേശ്വരത്തെ കേസിലും കെ.വിദ്യ മുൻകൂർ ജാമ്യം തേടി
ഹരജി ഈ മാസം 24 ന് കോടതി പരിഗണിക്കും
കാസർകോട്: വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ മുൻകൂർ ജാമ്യം തേടി. നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യഹരജി ഈ മാസം 24 ന് കോടതി പരിഗണിക്കും.
അതേസമയം, വിദ്യ അട്ടപ്പാടി കോളേജിൽ നൽകിയത് വ്യാജ രേഖകളെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തിയിരുന്നു. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ മഹാരാജാസ് കോളേജിലെതെന്ന് തോന്നുന്ന വിധമാണ് രേഖയിലെ ഒപ്പും സീലുമുള്ളത്. ബയോഡാറ്റയിലും വിദ്യ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് കൊളജിയേറ്റ് സംഘം കോളേജ് വിദ്യഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.
സീൽഡ് കവറിൽ പ്രത്യേക ദൂതൻ വഴിയാണ് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞ പതിനാറാം തീയതി തൃശ്ശൂരിൽ നിന്നുള്ള കോളേജ് വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും അട്ടപ്പാടി കോളജിൽ എത്തി പരിശോധന നടത്തിയിരുന്നു.