കെ സുധാകരന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം: മുൻ ഡ്രൈവർ പരാതി നല്‍കി

വിജിലന്‍സിനാണ് പരാതി നല്‍കിയത്

Update: 2021-06-20 01:29 GMT
Advertising

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫീസ് നിർമാണത്തിനുമായി കോടിക്കണക്കിന് രൂപ സുധാകരൻ പിരിച്ചെടുത്തെന്നാണ് പരാതിയിലുള്ളത്. കെ സുധാകരന്റെ മുൻ ഡ്രൈവർ കൂടിയായ പ്രശാന്ത് ബാബുവാണ് പരാതിക്കാരൻ.

കോളജ് പഠന കാലത്തെ രാഷ്ട്രീയ ഏറ്റുമുട്ടലുകളെ ചൊല്ലി പിണറായി വിജയനും കെ സുധാകരനും വാഗ്വാദങ്ങള്‍ തുടരുന്നതിനിടെയാണ് സുധാകരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വിജിലന്‍സിനെ സമീപിച്ചിരിക്കുന്നത്. സുധാകരന്‍റെ സാമ്പത്തിക അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. കെ കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരില്‍ 32 കോടി രൂപ സുധാകരനും അനുയായികളും ചേര്‍ന്ന് പിരിച്ചെടുത്തെന്നും ഈ പണം സുധാകരന്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മാണത്തിനായി വിദേശത്ത് നിന്നടക്കം സംഭാവനയായി ലഭിച്ച തുകയും സുധാകരന്‍ വകമാറ്റി ചെലവഴിച്ചെന്ന് പ്രശാന്ത് പറയുന്നു.

അന്വേഷണം നടന്നാല്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും പ്രശാന്ത് ബാബു പറഞ്ഞു. മുന്‍പ് നാല്‍പ്പാടി വാസു വധക്കേസുമായി ബന്ധപ്പെട്ട് സുധാകരനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച ആളാണ് പ്രശാന്ത് ബാബു. നിലവില്‍ സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രശാന്ത് ബാബു പാര്‍ട്ടിയുടെ അനുമതിയോടെയാണ് ഇത്തരം ഒരു പരാതി വിജിലന്‍സിന് നല്‍കിയതെന്നാണ് സൂചന.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News