മുൻ ഫുട്ബോൾ താരവും കോച്ചുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു

സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും ബൂട്ടണിഞ്ഞു.

Update: 2024-06-12 07:58 GMT
Editor : anjala | By : Web Desk

ടി.കെ ചാത്തുണ്ണി

Advertising

മുൻ കേരള ഫുട്ബോൾ താരവും ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു. രാവിലെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. മോഹൻ ബഗാൻ, കേരള പോലീസ്, ചർച്ചിൽ ബ്രദേഴ്സ്, എഫ് സി കൊച്ചിൻ തുടങ്ങിയ ടീമുകളുടെ പരിശീലകനായിരുന്നു. മൃതദേഹം ഇന്ന് ചാലക്കുടി നഗരസഭാ ഹാളിലും, നാളെ തൃശൂർ സ്പോർട്സ് കൗൺസിലിലും പൊതുദർശനത്തിന് വയ്ക്കും. വ്യാഴാഴ്ച (13-06-24) വടൂക്കര ശ്മശാനത്തിലാണ് സംസ്കാരം.

ചാലക്കുടി ഹൈസ്കൂളിന്റെ പുല്ലില്ലാ മൈതാനത്ത് പന്തു തട്ടി തുടങ്ങി 1960കളിലും, 70കളിലും ഇന്ത്യയിലെ പുൽമൈതാനങ്ങളെ തീപിടിപ്പിച്ചു ചാത്തുണ്ണി. ആ ചാലക്കുടിക്കാരൻ ഒരുക്കിയ പ്രതിരോധം ഭേദിച്ച് കടക്കാൻ മുന്നേറ്റക്കാർ പാടുപെട്ടു. ചാത്തുണ്ണിയുടെ ഫുട്ബോൾ ആവേശത്തിൽ ഗോവക്കാർ കണ്ണുവെച്ചു. റാഞ്ചിയെടുത്ത് സന്തോഷ് ട്രോഫിയിൽ ഗോവക്കായി ബൂട്ട്കെട്ടിച്ചു. കേരളത്തിന്റെ കുപ്പായത്തിലും ഫുട്ബോൾ മൈതാനങ്ങളിൽ നിറഞ്ഞാടി. ഐ.എം വിജയൻ, സി.വി പാപ്പച്ചൻ, ജോപോൾ അഞ്ചേരി, ബ്രൂണോ കുട്ടിനോ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങൾ ചാത്തുണ്ണി മാഷിന്റെ കാലിൽ നിന്ന് പന്തേറ്റു വാങ്ങി കളി പഠിച്ചവരാണ്.

കേരള പൊലീസ് ടീമിനെ ആദ്യമായി ഫെഡറേഷൻ കപ്പ് ചാമ്പ്യന്മാർക്കിയതും, മോഹൻ ബഗാനെ ഇന്ത്യൻ ഫുട്ബോളിലെ കരുത്തരാക്കിയതും, സാൽഗോക്കർ, ചർച്ചിൽ ബ്രദേഴ്സ്, ഡെമ്പോ തുടങ്ങിയ ഗോവൻ ക്ലബ്ബുകൾ ഫുട്ബോളിൽ മേൽവിലാസം ഉണ്ടാക്കിയതും ചാത്തുണ്ണിയുടെ പരിശീലന കാലയളവിലാണ്. എഫ് സി കൊച്ചിൻ, വിവാ കേരള ക്ലബ്ബുകളുടെയും പരിശീലകനായി.

ചാലക്കുടിയിലെ സ്വന്തം വീട്, ഒരു ഫുട്ബോൾ മ്യൂസിയത്തിന് സമാനമാണ്. അവിടെ നിറയെ ഓർമ്മകളാണ്. ആ ഓർമ്മകൾ കണ്ടും പരിചയപ്പെടുത്തിയും, അവസാന നിമിഷങ്ങളിലും ഫുട്ബോൾ മാത്രം ശ്വാസമാക്കിയ ഇതിഹാസമാണ് വിട പറഞ്ഞത്. കേരളത്തിന്റെ ഫുട്ബോൾ ചരിത്രം കുറിച്ചിടുമ്പോൾ ടി കെ ചാത്തുണ്ണിയുടെ ഓർമ്മകൾക്ക് ഒരു അധ്യായം മാറ്റിവെക്കാതെ പൂർത്തിയാക്കാൻ ആകില്ല.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News