'മകന്റെ ചോരകൊണ്ട് ഹോസ്റ്റൽ മുറിയിൽ എസ്എഫ്‌ഐ സിന്ദാബാദെന്ന് എഴുതിച്ചു';ആരോപണവുമായി മുൻ പിടിഎ പ്രസിഡന്റ്
റാഗിംഗ് ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുൻ പിടിഎ പ്രസിഡൻറിന്റെ ആരോപണം
വയനാട്:പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ എസ്എഫ്‌ഐക്കെതിരെ ഗുരുതര ആരോപണവുമായി മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. ക്യാമ്പസിൽ എസ്എഫ്‌ഐക്ക് കോടതി മുറിയുണ്ടെന്നും എസ്എഫ്‌ഐ അല്ലാത്തവർക്ക് കോളേജിൽ പ്രവർത്തിക്കാൻ അനുമതിയില്ലെന്നും മുൻ പിടിഎ പ്രസിഡന്റ് ആരോപിച്ചു. കെഎസ്‌യു അടക്കമുള്ള മറ്റു വിദ്യാർഥി സംഘടനകൾ ക്യാമ്പസിൽ ഉണ്ടാകാൻ പാടില്ലെന്നാണ് എസ്എഫ്‌ഐ നിലപാടെന്നും എസ്എഫ്‌ഐയുടെ ക്രൂരതയുടെ ഇരയാണ് താനെന്നും വെളിപ്പെടുത്തി. ഹോസ്റ്റൽ മുറിയിൽ തന്റെ മകന്റെ ചോരകൊണ്ട് എസ്എഫ്‌ഐ സിന്ദാബാദെന്ന് എഴുതിച്ചുവെന്നും ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ അംഗത്വം എടുപ്പിച്ചുവെന്നും കുഞ്ഞാമു പറഞ്ഞു. പ്രതികരിച്ചാൽ മകന്റെ വിദ്യാഭ്യാസം ഇല്ലാതാകുമെന്ന് കരുതി മിണ്ടാതിരുന്നുവെന്നും വ്യക്തമാക്കി.
റാഗിംഗ് ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുൻ പിടിഎ പ്രസിഡൻറിന്റെ ആരോപണം വരുന്നത്. അതേസമയം, പൂക്കോട് വെറ്റിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം ചുമത്താനൊരുങ്ങുകയാണ് പൊലീസ്. ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചതായും മർദനത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നും പൊലീസ് അറിയിച്ചു. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും മർദനത്തിനുമുമ്പും ഗൂഢാലോചന നടന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. റിമാൻഡ് റിപ്പോർട്ടിൽ ഗൂഢാലോചനാ കുറ്റം ഉൾപ്പെടുത്തത് വിമർശിക്കപ്പെടുയാണ്.
അതിനിടെ, കേസിലെ പ്രതികളായ രഹാൻ ബിനോയ്, ആകാശ് എന്നിവരുമായി പൊലീസ് ക്യാമ്പസിനുള്ളിലെ കുന്നിൻമുകളിൽ തെളിവെടുപ്പ് നടത്തുകയാണ്. 16ന് രാത്രി 9 മണിക്ക് ശേഷം സിദ്ധാർത്ഥനെ ആദ്യം എത്തിച്ചു മർദിച്ചത് ഈ കുന്നിൻ മുകളിൽ വെച്ചായിരുന്നു. കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ സജീവന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.