'ശരീരം മുഴുവൻ ഛർദിലും ചോരയും; ഭാവവ്യത്യാസമില്ലാതെ ഇരിക്കുന്ന അവന്റെ മുഖം കണ്ണാടിയിലൂടെ ഞാൻ കണ്ടു'

''കുറച്ചുദൂരം കഴിഞ്ഞപ്പോൾ അയാൾ ഒരു പ്രത്യേക ഏമ്പക്കം വിട്ടുതുടങ്ങി. പിന്നെ ഭയങ്കര ഛർദി. മകന്റെ മുഖത്തല്ലാത്ത എല്ലായിടത്തും ഛർദിച്ചു.''

Update: 2023-12-10 16:45 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: വാഹനാപകടത്തിൽപെട്ട് റോട്ടിൽ രക്തം വാർന്നു കിടന്നയാളെ ആശുപത്രിയിലെത്തിച്ച് ജീവിതത്തിലേക്കു തിരിച്ചുനടത്തിയ അനുഭവം പറഞ്ഞ് മുൻ ദേശീയ വോളിബോൾ താരം കിഷോർ കുമാർ. നാട്ടുകാരെല്ലാം രക്ഷിക്കാൻ മടിച്ചപ്പോൾ സ്വന്തം മകനാണ് ആത്മവിശ്വാസത്തോടെ പരിക്കേറ്റവരെയും കൂട്ടി ആശുപത്രിവരെ ഒപ്പംപോന്നതെന്ന് കിഷോർ പറഞ്ഞു. ഒടുവിൽ പൂർണമായി സുഖമായെന്നും ആശുപത്രി വിട്ടെന്നുമുള്ള ബന്ധുക്കളുടെ വാർത്ത കേൾക്കുമ്പോൾ ഒരാളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനായതിന്റെ ആഹ്ളാദവും സന്തോഷവുമാണെന്ന് കാലിക്കറ്റ് ഹീറോസ് ഹെഡ് കോച്ച് കൂടിയായ കിഷോർ സോഷ്യൽ മീഡിയയിൽ കുറിച്ചു. മകനെക്കുറിച്ച് അഭിമാനിക്കാനുള്ളൊരു സംഭവം കൂടിയായി ഇതെന്നും അദ്ദേഹം പറഞ്ഞു.

കിഷോർ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇത് എന്റെ മകൻ. പേര് ഇന്ദ്രദത്ത്. ഞങ്ങൾ കിച്ചു എന്ന് വിളിക്കും. കുറച്ചുദിവസം മുൻപ് ഞങ്ങൾ വൈകുന്നേരം പ്രാക്ടീസ് ചെയ്യാൻ നിക്കറും ബനിയനുമിട്ടു പ്രാക്ടീസ് ഡ്രെസിൽ കാറുമെടുത്തു പോകുകയായിരുന്നു. വീടിന്റെ അടുത്ത് തന്നെ മെയിൻ റോഡിലേക്ക് കയറുമ്പോൾ ചെറിയ ഒരാൾക്കൂട്ടം. പെട്ടെന്ന് വണ്ടി സൈഡ് ആക്കി ഞാനും മോനും ഓടിച്ചെന്നു. ഒരാൾ തലപൊട്ടി റോഡിൽ കിടക്കുന്നു. തൊട്ടരികിൽ ഒരു പയ്യൻ രണ്ടു കയ്യിലും ചോര ഒലിപ്പിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു. അച്ഛനും മകനുമാണെന്നു തോന്നി. എന്തോ ബൈക്ക് ആക്‌സിഡന്റ് ആണെന്ന് തോന്നുന്നു. ഹെൽമെറ്റ് തലയിൽ നിന്നൂരി തെറിച്ചുപോയിരിക്കുന്നു. ജീവൻ ഉണ്ടോ ഇല്ലയോ എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ പറഞ്ഞു, എല്ലാവരും ഒന്ന് പിടിച്ചേ. ഹോസ്പിറ്റലിൽ കൊണ്ടുപോകാം. കൂടിനിന്നവരെല്ലാവരും കൂടി എന്റെ കാറിലേക്ക് കയറ്റി. കൂടെ ആരും വന്നില്ല. ഞാനും മകനും കൊണ്ട് പൊക്കോളാമെന്ന് പറഞ്ഞു. ഞാൻ മകനോട് പറഞ്ഞു, ആളെ മുറുക്കി കെട്ടിപിടിച്ച് ഇരിക്കണം, എന്ത് വന്നാലും വിടരുത്, എന്തെങ്കിലും സംഭവിച്ചാൽ പോലും പേടിക്കാതെ പിടിച്ചോണം.

അയാളുടെ മകനെ ഫ്രണ്ട് സീറ്റിലിരുത്തി. ലൈറ്റുമിട്ടു കോലഞ്ചേരി മെഡിക്കൽ കോളജ് ലക്ഷ്യമാക്കി ഒരൊറ്റ പറക്കൽ. പോകുന്ന പോക്കിൽ പരിക്ക് പറ്റിയ ആളുടെ മകനോട് പറഞ്ഞു, വീട്ടിൽ ആരെയെങ്കിലും വിളിക്കാൻ. പയ്യൻ ഭയങ്കര കരച്ചിൽ. വിളിച്ചുകിട്ടി. ഞാൻ ആരാണെന്നു ചോദിച്ചു, അവന്റെ അമ്മയാണെന്ന് പറഞ്ഞു. ഞാൻ അവരോടു ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടെന്നും കോളജിലേക്ക് ഉടൻ വരണമെന്നും പറഞ്ഞു. അവർ പരിഭ്രാന്തയായി. ഞാൻ പറഞ്ഞു, മകനോട് സംസാരിച്ചോളാൻ. എന്നിട്ട് അവനോടു കരയാതെ സംസാരിക്കാൻ പറഞ്ഞു. അപ്പോൾ അച്ഛനെവിടെ എന്ന് ചോദിച്ചു. അച്ഛന് പിറകിൽ ഇരിപ്പുണ്ടെന്നു പയ്യനെക്കൊണ്ട് പറയിപ്പിച്ചു. എന്നിട്ട് കോലഞ്ചേരിക്ക് പറപറന്നു.

കുറച്ചുദൂരം കഴിഞ്ഞപ്പോൾ അയാൾ ഒരു പ്രത്യേക ഏമ്പക്കം വിട്ടുതുടങ്ങി. പിന്നേ ഭയങ്കര ഛർദി. മകന്റെ മുഖത്ത് അല്ലാതെ എല്ലായിടത്തും ഛർദിച്ചു. എന്നിട്ടും ആ ഛർദിലും മുഴുവൻ ചോരയും ശരീരം മൊത്തമായിട്ടും ഒരു ഭാവവ്യത്യാസമില്ലാതെ നെഞ്ചിനോട് ഒരു പരിചയവുമില്ലാത്ത ഒരാളിനെ ചേർത്തുപിടിച്ചുകൊണ്ടിരിക്കുന്ന അവന്റെ മുഖം ആ കണ്ണാടിയിലൂടെ ഞാൻ കണ്ടത് ഇപ്പോഴും ഓർക്കുന്നു. ഞാൻ പറഞ്ഞു, മോനേ അയാളെ നോക്കണ്ട. അയാൾക്ക് എന്ത് സംഭവിച്ചാലും മോൻ ധൈര്യമായിട്ടിരിക്കണം. ഇല്ലച്ഛാ.. അച്ഛൻ ധൈര്യമായിട്ടു വണ്ടി വിട്ടോ. അങ്ങനെ ഹോസ്പിറ്റലിൽ എത്തി. ഐ.സി.യുവിൽ കയറ്റി.

അപ്പോൾ ഒരമ്മയും ഒരു മകളും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ ഫോൺ നമ്പർ ഹോസ്പിറ്റലുകാർക്കു കൊടുത്തു. അവിടെ ആളുണ്ടെന്ന് ഉറപ്പാക്കി ഞാനും മകനും വീട്ടിലേക്കു തിരിച്ചുപോന്നു, ഇന്നോവ കാർ നിറച്ചും ഛർദിലും ചോരയും. കാർ കഴുകിയാൽ ഓക്കേ.

വലിയ വൃത്തിക്കാരനായ അവനെ നോക്കി ഞാൻ ചോദിച്ചു മോന് ഛർദിലും ചോരയും ആയിട്ട് വിഷമമുണ്ടോ എന്ന്. ഇല്ലച്ഛാ ഇപ്പൊ ഈ ശരീരത്തിൽ കിടക്കുന്ന ഛർദിലും ചോരയും എനിക്കറപ്പു തോന്നുന്നേ ഇല്ല. അച്ഛൻ വിഷമിക്കേണ്ട. വീട്ടിൽ പോയി അവനും കുളിച്ചു. ആ രാത്രി തന്നെ വണ്ടിയും കഴുകി. അന്ന് രാത്രിയും പിറ്റേന്നും എല്ലാ ദിവസവും അവരുടെ ഭാര്യ വിവരങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അവരുടെ ഭാര്യ ഒരു സ്‌കൂൾ ടീച്ചറായിരുന്നു. അവരുടെ സ്‌കൂളിൽ സ്‌പോർട്‌സ് ഡേയ്ക്ക് ഞാൻ ചീഫ് ഗസ്റ്റ് ആയി പോയപ്പോൾ മുതൽ എന്നെ അറിയാമെന്നും പറഞ്ഞു.

Full View

എന്തായാലും കുറച്ചു ദിവസങ്ങൾക്കു ശേഷം അവർ പൂർണസുഖമായെന്നും ഡിസ്ചാർജ് ആയെന്നും അവരുടെ ഭാര്യ വിളിച്ചുപറഞ്ഞപ്പോൾ അതറിഞ്ഞ ഉടനെ ഞാൻ പയ്യനോട് ഈ വിവരം പറഞ്ഞു. ഒരു ചെറുപുഞ്ചിരിയോടൊപ്പം ആ വലതുകൈ മടക്കി പുറകോട്ടൊരു വലി വലിച്ചു.. yesssss എന്നൊരു സൗണ്ടും.

മകനെക്കുറിച്ചോർത്ത് അഭിമാനിക്കാനുണ്ടായ ഒരു സംഭവം. അതോപോലെ ഒരു മനുഷ്യജീവൻ തിരിച്ചുകിട്ടിയതിന്റെ കാരണക്കാരനായതിന്റെ വലിയ ഒരു ആഹ്ലാദവും.. സന്തോഷം... അഭിമാനം..

SummaryFormer national volleyball player Kishor Kumar shares his experience of rescuing a man and his son injured road accident

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News