നിപ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ രോഗമുക്തരായി
നാല് പേരും ഇടവേളകളില്‍ നടത്തിയ നിപ പരിശോധനയില്‍ നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
കോഴിക്കോട്: നിപ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ രോഗമുക്തരായി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന്‍റേതുള്‍പ്പെടെയാണ് നിപ പരിശോധന ഫലം നെഗറ്റീവായത്. വൈറസ് മുക്തരായെങ്കിലും ഇവര്‍ ഹോം ക്വാറന്‍റൈനില്‍ തുടരും.
നിപ വൈറസ് ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ ഒമ്പത് വയസുകാരനായ മകനും കുട്ടിയുടെ മാതൃ സഹോദരനും ആരോഗ്യ പ്രവര്‍ത്തകനും ചെറുവണ്ണൂര്‍ സ്വദേശിയുമാണ് രോഗമുക്തരായത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഒമ്പത് വയസുകാരന്‍റെ ചികിത്സ സ്വകാര്യ ആശുപത്രിയില്‍ ആരംഭിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി ആരോഗ്യനില വീണ്ടെടുത്താണ് കുട്ടി ഇപ്പോള്‍ രോഗമുക്തി നേടിയത്. ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ മാതൃസഹോദരന്‍റെയും നിപ പരിശോധന ഫലം നെഗറ്റീവായി. ഇവരുടെ ചികിത്സ ചെലവ് ആശുപത്രി വഹിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
മറ്റ് രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുണ്ടായിരുന്നത്. നാല് പേരും ഇടവേളകളില്‍ നടത്തിയ നിപ പരിശോധനയില്‍ നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗ മുക്തരായെങ്കിലും തത്കാലം ഇവര്‍ ഹോം ക്വാറന്‍റൈനില്‍ തുടരും. നിപ സ്ഥീരികരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 649 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. നിരീക്ഷണത്തിലുണ്ടായിരുന്ന 216 പേര്‍ കഴിഞ്ഞ ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.