ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാട് നടത്തി തട്ടിപ്പ്; നാല് വിദ്യാർഥികൾ അറസ്റ്റിൽ
കമ്മീഷൻ വാഗ്ദാനം ചെയ്താണ് വിദ്യാർഥികളുടെ പേരിൽ അക്കൗണ്ട് എടുക്കുന്നത്
കോഴിക്കോട്: വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാടുകൾ നടത്തി തട്ടിപ്പ്. കമ്മീഷൻ വാഗ്ദാനം ചെയ്താണ് വിദ്യാർഥികളുടെ പേരിൽ അക്കൗണ്ട് എടുക്കുന്നത്. ഇങ്ങനെ അക്കൗണ്ട് തുടങ്ങിയ 19 വയസ്സുള്ള നാല് വിദ്യാർഥികളെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഭോപ്പാൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു.
കോളജുകളിലും മറ്റും പഠിക്കുന്ന വിദ്യാർഥികളുടെ പേരിൽ അവരുടെ സമ്മതത്തോടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നു. ഈ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന പണത്തിന് കമ്മീഷൻ നൽകാമെന്ന് പറഞ്ഞാണ് വിദ്യാർഥികളെ സമീപിക്കുന്നത്. അക്കൗണ്ട് തുടങ്ങിയാൽ എടിഎമ്മും പാസ്സ്ബുക്കുമുൾപ്പെടെ ഇവരെ സമീപിച്ചവർ കൈവശം വെയ്ക്കും.
ഓണത്തിന് തലേ ദിവസമാണ് ഭോപ്പാലിൽ നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം വടകര ആയഞ്ചേരി, വേളം, തീക്കുനി, കടമേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. ഷെയർമാർക്കറ്റിൽ നിക്ഷേപിക്കാനാണെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന ഭോപ്പാൽ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇതോടെയാണ് വിദ്യാർഥികളുടെ പേരിൽ ഇങ്ങനെയൊരു അക്കൗണ്ടുള്ളതായി വീട്ടുകാരും തട്ടിപ്പിനിരയായെന്ന് വിദ്യാർഥികളും മനസ്സിലാക്കുന്നത്. ഭോപ്പാൽ കേന്ദ്രീകരിച്ചുള്ള തട്ടിപ്പിൽ ഇടനിലക്കാരായിനിന്ന് വിദ്യാർഥികളെ സമീപിച്ചത് മലയാളികളാണ്.