വിദ്യഭ്യാസ ബന്ദ് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനേറ്റ തിരിച്ചടി: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലബാറിലെ വിദ്യാര്‍ത്ഥികളോട് ഇനിയും കാത്തിരിക്കാന്‍ മന്ത്രി പറയുന്നത് കബളിപ്പിക്കാനാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2023-06-27 16:04 GMT
Editor : vishnu ps | By : Web Desk
Advertising

തിരുവനന്തപുരം: മലബാര്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആഹ്വാനം ചെയ്ത വിദ്യഭ്യാസ ബന്ദ് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനേറ്റ തിരിച്ചടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിന്‍. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.

മലബാറിലെ വിദ്യാര്‍ത്ഥികളോട് ഇനിയും കാത്തിരിക്കാന്‍ മന്ത്രി പറയുന്നത് കബളിപ്പിക്കാനാണ്. കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷത്തെ കണക്കുകള്‍ ഇവിടെ ലഭ്യമാണ്. സര്‍ക്കാര്‍ തന്നെ നിശ്ചയിച്ച കാര്‍ത്തികേയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, ഈ വര്‍ഷത്തെ അപേക്ഷകരുടെയും രണ്ട് അലോട്ട്‌മെന്റുകളിലായി സീറ്റ് ലഭിച്ചവരുടെയും കണക്കുകളും ലഭ്യമാണ്.

മൂന്നാമത്തെ അലോട്ട്‌മെന്റിലെന്താണ് സംഭവിക്കുക എന്നറിയാന്‍ സാമാന്യ ബുദ്ധി മതിയാവും. മൂന്നാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ തീരുമാനമെടുക്കുമെന്നാണ് അവസാനം വിദ്യാഭ്യാസമന്ത്രി പറയുന്നത്. കഷ്ടപ്പെട്ട് അലോട്ട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷ നഷ്ടപ്പെട്ട് പിന്‍മാറുമെന്നാണ് മന്ത്രി സ്വപ്നം കാണുന്നത്. കാര്‍ത്തികേയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനോ നടപ്പിലാക്കാനോ ആവശ്യമായ ബാച്ചുകള്‍ പ്രഖ്യാപിക്കാനോ മന്ത്രി ഇതുവരെയും സന്നദ്ധമായിട്ടില്ല. ഈ ഇരട്ടത്താപ്പിനെതിരായ വിജയമാണ് വിദ്യാഭ്യാസ ബന്ദെന്നും കെ.എം. ഷെഫ്‌റിന്‍ പറഞ്ഞു.

വിവിധ ജില്ലകളില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ സമരത്തിന് നേതൃത്വം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, അഡ്വ. അനില്‍ കുമാര്‍, നിഷാത്ത്, അലി സവാദ് തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിച്ചു.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News