വിദേശ ഫുട്‌ബോൾ പരിശീലനത്തിന്റെ പേരിൽ തട്ടിപ്പ്; പരാതി ലഭിച്ചാൽ ഉടൻ നടപടിയെന്ന് കായിക മന്ത്രി
ഫുട്‌ബോൾ പരിശീലനത്തിന്റെ പേരിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ലക്ഷങ്ങൾ ഫീസ് വാങ്ങി കുട്ടികളെ കൊണ്ടുപോകുന്ന ഏജൻസികളെ കുറിച്ചുള്ള വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
കൊച്ചി: വിദേശ ഫുട്‌ബോൾ പരിശീലനത്തിന്റെ പേരിൽ കുട്ടിത്താരങ്ങളെ ചൂഷണം ചെയ്യുന്ന ഏജൻസികളെ കുറിച്ചുള്ള മീഡിയവൺ വാർത്തയിൽ പ്രതികരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. പരാതികൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഫുട്‌ബോൾ പരിശീലനത്തിനുവേണ്ടി എല്ലാ സൗകര്യങ്ങളും സർക്കാർ തന്നെ ലഭ്യമാക്കുന്നുണ്ട്. വിദേശ പരിശീലനം ആവശ്യമുള്ള കുട്ടികളെ സർക്കാർ തന്നെ മുൻകൈയെടുത്ത് കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഫുട്‌ബോൾ പരിശീലനത്തിന്റെ പേരിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ലക്ഷങ്ങൾ ഫീസ് വാങ്ങി കുട്ടികളെ കൊണ്ടുപോകുന്ന ഏജൻസികളെ കുറിച്ചുള്ള വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തത്. ഈ വാർത്തയിലാണ് മന്ത്രിയുടെ പ്രതികരണം. അംഗീകാരമില്ലാത്ത ഇത്തരം ഏജൻസികളുടെയോ സംഘടനകളുടെയോ കീഴിൽ വിദേശത്തേക്ക് പോകുന്നത് നല്ലതല്ലെന്നും, ഇത്തരം സർട്ടിഫിക്കറ്റുകൾ ഉപകാരപ്രദമല്ലെന്നും മന്ത്രി പറഞ്ഞു. മാതാപിതാക്കൾ ഇത് കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും സ്‌പോർട്‌സ് കൗൺസിലിലോ, ഫുട്‌ബോൾ അസോസിയേഷനിലോ അന്വേഷിക്കാതെ ഇത്തരം കാര്യങ്ങൾക്കായി പണം കൊടുക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യൂറോപ്യൻ രാജ്യങ്ങളിൽ ഫുട്‌ബോൾ പരിശീലനം എന്ന പേരിൽ വ്യാപക തട്ടിപ്പ് കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ പരാതി ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കായിക മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പരിശീലകരുടെ സംഘടനയും അക്കാദമിയും.