ഫുൾ എ പ്ലസ് നേടിയവർക്കും പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ സീറ്റില്ല; നിരവധി വിദ്യാർഥികൾ ആശങ്കയിൽ

പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ മലപ്പുറം ജില്ലയിൽ മാത്രം 46,133 വിദ്യാർഥികൾക്ക് സീറ്റ് ലഭിച്ചില്ല

Update: 2023-06-20 03:38 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്/കണ്ണൂര്‍: പ്ലസ് വൺ ആദ്യഅലോട്‌മെന്റ് വന്നപ്പോൾ എസ്.എസ്.എൽ.സിക്ക് ഫുൾ എപ്ലസ് നേടിയവർക്കും മലബാർ ജില്ലകളിൽ സീറ്റില്ല. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഹയ അഷ്‌റഫിന് പത്താംക്ലാസിൽ ഫുൾ എപ്ലസ് ഉണ്ടായിട്ടും അപേക്ഷിച്ച ഒരു സ്‌കൂളിലും അഡ്മിഷൻ കിട്ടിയില്ല. കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് പഠിച്ചിട്ടാണ് മുഴുവൻ എപ്ലസ് നേടിയത്.എന്നിട്ടും എവിടെയും സീറ്റ് ലഭിച്ചില്ല. വലിയ ആശങ്കയുണ്ടെന്ന് ഹയയും മാതാപിതാക്കളും പറയുന്നു.

Full View

കണ്ണൂർ താഴെചൊവ്വയിലും ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർഥിക്ക് പ്ലസ് വണിന് ആദ്യ അലോട്‌മെന്റിൽ പ്രവേശനം ലഭിച്ചില്ല. കിഴുത്തള്ളി സ്വദേശിയായ സഞ്ജന 10 സ്‌കൂളുകളിൽ അപേക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല. ട്രയൽ അലോട്ട്‌മെന്റ് വന്നപ്പോൾ സീറ്റ് കിട്ടിയെങ്കിലും ആദ്യ അലോട്ട്‌മെന്റ് വന്നപ്പോൾ എവിടെയും സീറ്റില്ല. ഗ്രേസ് മാർക്കില്ലാതെയാണ് മുഴുവൻ എ പ്ലസ് നേടിയത്. എന്നിട്ടും എവിടെയും പ്ലസ് വണിന് സീറ്റ് കിട്ടാതിരിക്കുമ്പോൾ വലിയ സങ്കടവും ആശങ്കയുമാണെന്ന് സഞ്ജന മീഡിയവണിനോട് പറഞ്ഞു.

ഹയയെയും സഞ്ജനയെയും പോലെ നിരവധി വിദ്യാർഥികളാണ് ഫുൾ എപ്ലസ് ഉണ്ടായിട്ടും ആദ്യ അലോട്ട്‌മെന്റിൽ അഡ്മിഷൻ കിട്ടാതെ പുറത്തിരിക്കുന്നത്.

Full View

അതേസമയം, പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ മലപ്പുറം ജില്ലയിൽ മാത്രം 46,133 വിദ്യാർഥികൾക്ക് സീറ്റ് ലഭിച്ചില്ല. 34,889 പേർക്കാണ് ആദ്യ അലോട്ട്‌മെന്റിൽ സീറ്റ് ലഭിച്ചത്. പല വിദ്യാർഥികൾക്കും ആഗ്രഹിച്ച കോഴ്‌സല്ല ലഭിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News