ഇസ്രായേലിന്റെ പ്രവർത്തനത്തെ ഭീകരവാദമെന്ന് ആദ്യം വിളിച്ചത് ഗാന്ധിജി; ഇസ്രായേൽ നടത്തുന്നത് അതിരില്ലാത്ത അധിനിവേശം: സമദാനി
ഫലസ്തീൻ പ്രശ്‌നത്തിൽ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ നിലപാടിനൊപ്പം നിൽക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും സമദാനി പറഞ്ഞു.
കോഴിക്കോട്: ഇസ്രായേലിന്റെ ഫലസ്തീൻ വിരുദ്ധ പ്രവർത്തനങ്ങളെ ഭീകരവാദമെന്ന് ആദ്യം വിളിച്ചത് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണെന്ന് അബ്ദുസമദ് സമദാനി. ഇസ്രായേൽ നടത്തുന്നത് അതിരില്ലാത്ത അധിനിവേശമാണ്. ഫലസ്തീൻ നടത്തുന്നത് സ്വാതന്ത്ര്യ സമരമാണെന്നും സമദാനി പറഞ്ഞു. മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂതരെ ജനിച്ച രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്ത് കൊണ്ടുപോയി കുടിയിരുത്തുന്നത് അവരെ ജനിച്ച മണ്ണിൽനിന്ന് പുറംതള്ളലല്ലേ എന്നാണ് ഗാന്ധിജി ചോദിച്ചത്. അങ്ങനെ ചെയ്യുമ്പോൾ ജൂതരെ ഇല്ലാതാക്കിയ ഹിറ്റ്‌ലറുടെ പ്രവർത്തനത്തെ ന്യായീകരിക്കുകയല്ലേ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ബാൽഫോർഡ് പ്രഖ്യാപനത്തെ ഗാന്ധിജി തള്ളിക്കളഞ്ഞു.
ജെറുസലേമിനെ തിരയേണ്ടത് സ്വന്തം ആകാശത്താണ് അല്ലാതെ അറബികളുടെ മണ്ണിലല്ല എന്ന് പറഞ്ഞ ആളാണ് ഗാന്ധിജി. സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യ അനുഭവിച്ച അതേ വേദന അനുഭവിക്കുന്നവരാണ് ഫലസ്തീനികൾ എന്നും ഗാന്ധിജി പറഞ്ഞു. ഫലസ്തീൻ അനുകൂല നിലപാടിനെതിരെ ഗാന്ധിജിയുടെ പാശ്ചാത്യൻ സുഹൃത്തുക്കൾ വലിയ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ ഇതിനെ ഗാന്ധിജി അതിജീവിച്ചു. ഗാന്ധിജിയുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യയിപ്പോൾ ചെയ്യേണ്ടതെന്നും സമദാനി പറഞ്ഞു.