പെരിയാറിലേക്ക് അർധരാത്രി മാലിന്യം ഒഴുക്കിവിട്ടു; കമ്പനി അടച്ചുപൂട്ടാൻ തീരുമാനം

അടച്ചുപൂട്ടാനുള്ള ഉത്തരവ് ഇന്ന് നൽകും

Update: 2024-06-26 03:50 GMT
Advertising

കൊച്ചി: പെരിയാറിൽ നിയമലംഘനം തുടർന്ന് വ്യവസായ ശാലകൾ. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ കറുത്ത നിറത്തിലുള്ള മാലിന്യം ഒഴുക്കിവിട്ടു. കനത്ത മഴക്കിടയിലാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ടത്. സംഭവം അറിഞ്ഞതോടെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തുവന്നു.

കറുത്ത നിറത്തിലുള്ള എണ്ണമയമുള്ള മാലിന്യമാണ് പുറന്തള്ളിയത്. സ്ഥലത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സി.ജി ലൂബ്രിക്കൻ്റ്സ് എന്ന ഓയിൽ കമ്പനിയിലാണ് പരിശോധന. റോഡിനടിയിൽ കൂടി പൈപ്പ് സ്ഥാപിച്ചാണ് മാലിന്യം ഒഴുക്കിയത്. കമ്പനി അടച്ചുപൂട്ടുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായുള്ള ഉത്തരവ് ഇന്ന് തന്നെ നൽകുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.

പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം തന്നെയെന്ന് കുഫോസിന്റെ സമഗ്ര പഠന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇതിന് ശേഷവും മാലിന്യം തള്ളുന്നത് തുടരുകയാണ്. വ്യവസായശാലകളില്‍ നിന്നടക്കം പുറന്തള്ളിയ രാസമാലിന്യങ്ങള്‍ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഹൈഡ്രജന്‍ സള്‍ഫൈഡിന്റെയും അമോണിയത്തിന്റെയും കൂടിയ അളവാണ് സംഭവത്തിൽ വില്ലനായത്. ജലത്തില്‍ ഓക്സിജന്റെ അളവ് കുറയാനുളള പ്രധാന കാരണവും രാസസാന്നിധ്യം തന്നെയെന്ന് റിപ്പോർട്ട്. ഓക്സിജന്‍ അളവ് കുറഞ്ഞത് മൂലം മത്സ്യങ്ങള്‍ക്ക് പുറമെ ഒട്ടേറെ ജലജീവികള്‍ക്ക് ജീവനാശം സംഭവിച്ചു.

പാതാളം മുതല്‍ മുളവുകാട് വരെയുള്ള ജലത്തിലെ സാംപിളുകളിലും രാസസാന്നിധ്യം കണ്ടെത്തി. ഇവ കൈവഴികളിലൂടെ വേമ്പനാട്ടുകായലിലടക്കം എത്തുന്നുണ്ട്. ഘനലോഹങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് വിഷരാസവസ്തുക്കളും ജലത്തില്‍ കണ്ടെത്തി. പെരിയാറിനെ സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ശിപാര്‍ശകളും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ രാസസാന്നിധ്യം ഉണ്ടെന്ന കുഫോസ് റിപ്പോര്‍ട്ട് അവഗണിച്ച് പി.സി.ബി വാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ മറുപടി നല്‍കിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുഫോസിന്റെ സമഗ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെരിയാറിലെ മത്സ്യക്കുരുതിയില്‍ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News