വീടിന് മുന്നില്‍ വാട്ടർ അതോറിറ്റിയുടെ ഭീമൻ പൈപ്പുകൾ; 150 കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ട് 106 ദിവസങ്ങൾ
കുട്ടികളെക്കൊണ്ടു വരെ മന്ത്രിക്ക് പരാതികൾ അയച്ചുകഴിഞ്ഞിട്ടും ആനയറക്കാരുടെ ദുരിതത്തിന് അറുതിയായില്ല
തിരുവനന്തപുരം: സ്വീവേജ് പൈപ്പ് ലൈനിനായി കൊണ്ടുവന്ന പൈപ്പുകൾ കാരണം വഴിമുട്ടിയ തിരുവനന്തപുരം ആനയറ മഹാരാജാസ് ലെയ്ൻ നിവാസികളുടെ ദുരിതം പരിഹരിക്കപ്പെടാതെ തുടരുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വാട്ടർ അതോറിറ്റി അധികൃതർ ഒരു ജനതയെ തടവിലാക്കിയിട്ട് ഇന്നേക്ക് 106 ദിവസം തികയുകയാണ്. വഴിയിൽ കുഴിയും മുന്നിൽ പൈപ്പും... മാർച്ച് 15 മുതൽ ആനയറ മഹാരാജാസ് ലെയ്നിലെ 150-ഓളം കുടുംബങ്ങളുടെ അവസ്ഥ ഇങ്ങനെയാണ്.
സ്വീവറേജ് പൈപ്പ് ലൈൻ ഭൂമിക്കടിയിലേക്ക് മാറ്റാനുള്ള യന്ത്രത്തിന്റെ കേടായ ഭാഗത്തിനു പകരം വിദേശത്തുനിന്ന് കൊണ്ടുവന്ന റൊട്ടേറ്റിങ് ഗ്രൂപ്പ് കിറ്റിന് ഇതുവരെയും ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അനുമതി ലഭിച്ചിട്ടില്ല. കുട്ടികളെക്കൊണ്ട് വരെ മന്ത്രിക്ക് പരാതികൾ അയച്ചുകഴിഞ്ഞു. പക്ഷേ, പൈപ്പിൽ ചവിട്ടി തെന്നി വീഴുമെന്ന പേടിയിൽ നാട്ടുകാരും പൈപ്പ് ലൈനിന് വേണ്ടി കുഴിച്ച കുഴിയിൽ വീഴുമെന്ന പേടിയിൽ യാത്രക്കാരും അതിജീവനം തുടരുകയാണ്.