കുഞ്ഞിനെ തിരികെ ലഭിച്ചതില്‍ സന്തോഷം,സമരം തുടരും: അനുപമ

ഒരു വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം തന്‍റെ കുഞ്ഞിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അനുപമ

Update: 2021-11-24 11:26 GMT
Advertising

ഒരു വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം തന്‍റെ കുഞ്ഞിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അനുപമ. കുഞ്ഞിനെ തിരിച്ചു കിട്ടിയതില്‍ വലിയ സന്തോഷമുണ്ട് എന്നും ഇനി കുഞ്ഞിനൊപ്പം സമയം ചെലവഴിക്കണം എന്നും അനുപമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'മാധ്യമങ്ങളടക്കം കുഞ്ഞിനെ തിരികെ ലഭിക്കാൻ സഹായിച്ചവർക്കെല്ലാവർക്കും നന്ദി. സമരവുമായി മുന്നോട്ട് പോവും' അനുപമ പറഞ്ഞു.  

 ദത്ത് കേസില്‍ കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കുടുംബകോടതിയുടെ ഇടക്കാല ഉത്തരവ് അല്‍പ്പ സമയം മുമ്പാണ് പുറത്ത് വന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ ഉത്തരവിട്ടത്. ഉത്തരവിനെത്തുടര്‍‌ന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറി. ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ ഉത്തരവ്. വഞ്ചിയൂര്‍ കുടുംബകോടതി ജഡ്ജ് ബിജുമേനോനാണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യഥാര്‍ഥ അമ്മയെ കണ്ടത്തിയെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനെ തുടര്‍ന്ന് അനുപമയും ഭര്‍ത്താവ് അജിത്തും കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

ഇന്ന് മൂന്ന് മണിയോടെ അനുപമയുടെ കുഞ്ഞിനെയും വഞ്ചിയൂര്‍ കുടുംബകോടതിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടറെ എത്തിച്ച് വൈദ്യപരിശോധനകള്‍ നടത്തിയതിന് ശേഷം കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ആന്ധ്രയിലെ ദമ്പതിമാരുടെ കയ്യില്‍ നിന്ന് തിങ്കളാഴ്ച കേരളത്തിലേക്ക് കൊണ്ടുവന്ന കുഞ്ഞിനെ നിര്‍മല ശിശുഭവനിലായിരുന്നു സംരക്ഷിച്ചിരുന്നത്.  

Glad to have the baby back, the struggle will continue: Anupama

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News