കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകാൻ ഇത്തവണ ചെലവേറും

കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേതിനാക്കാൾ ഇരട്ടി തുകയാണ് ഈടാക്കുന്നത്

Update: 2024-01-26 01:48 GMT
Advertising

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഇത്തവണ ഹജ്ജിന് പോകാൻ ചെലവേറും . നെടുമ്പാശ്ശേരി , കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്ക് കരിപ്പൂരിൽ നിന്നും ഹജ്ജിന് പോകുന്നവർ നൽകേണ്ടിവരും. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്നും സർവീസ് നടത്തുക. തീർഥാടകരുടെ ആശങ്ക പരിഹരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ആവശ്യപെട്ടു

ഈ വർഷത്തെ ഹജ്ജിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വിമാന സർവീസിനായി ടെണ്ടർ ക്ഷണിച്ചിരുന്നു. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ നിയന്ത്രണമുള്ളതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കരിപ്പൂരിൽ നിന്നും സർവീസ് നടത്താൻ തയ്യറായിട്ടുള്ളത്.

നെടുമ്പാശ്ശേരിയും, കണ്ണൂരും സൗദി എയർ ലൈൻസാണ് സർവീസ് നടത്തുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നതിൽ പകുതിയിലധികം പേരും കരിപ്പൂരാണ് എംപാർക്കേഷൻ പോയന്റായി നൽകിയിരിക്കുന്നത്. അതിനാൽ വലിയൊരു വിഭാഗം വിശ്വാസികൾക്ക് വിമാനടിക്കറ്റ് ഇനത്തിൽ മറ്റ് വിമാനത്താവളത്തിൽനിന്നും പോകുന്നതിനെക്കാൾ 75,000 രൂപ അധികം നൽകേണ്ടി വരും.

വിഷയത്തിൽ ഇടപെടണമെന്നും വീണ്ടും ടെണ്ടർ നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് മലപ്പുറം എം.പിയും കരിപ്പൂർ വിമാനത്താവള ഉപദേശക സമിതി ചെയർമാനുമായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി കത്തെഴുതി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഹജ്ജിന് പോയി വരാൻ സൗദി എയർലൈൻസ് 86,000 രൂപയും കണ്ണൂരിൽ നിന്നും 89,000 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ കോഴിക്കോട് നിന്നും എയർ ഇന്ത്യ 16,5000 രൂപയാണ് ഈടാക്കുക. ഹാജിമാർക്ക് 53 കിലോ ലഗേജ് കൊണ്ടുപോകാൻ സൗദി എയർലൈൻസ് അനുമതി നൽകുന്നു. എയർ ഇന്ത്യയിൽ 37 കിലോക്ക് മാത്രമാണ് അനുമതി. പ്രശ്നത്തിൽ കേന്ദ്ര ഹജ്ജ് കമ്മറ്റി ഇടപെടുമെന്നാണ് തീർഥാടകരുടെ പ്രതീക്ഷ.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News