സ്വര്‍ണവില ഇന്നും മേലോട്ട് തന്നെ; ഒറ്റയടിക്ക് കൂടിയത് 150 രൂപ
സ്വർണവിലയിൽ ഒരു ദിവസം ഒറ്റത്തവണ ഇത്രയധികം വർധനവുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമാണ്
കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഗ്രാമിന് 150 രൂപ വർദ്ധിച്ച് 5530 രൂപയായി. ഇതോടെ പവന് 600 രൂപ കൂടി. 44240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. സ്വർണവിലയിൽ ഒരു ദിവസം ഒറ്റത്തവണ ഇത്രയധികം വർധനവുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമാണ്. സർവകാല റെക്കോർഡിലാണ് സ്വർണവില എത്തിനിൽക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഡോളറിന് 1989 രൂപയായി.
ഈ വർഷം സ്വർണവില വർധിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇത്രയും വേഗത്തിൽ ഇത്രയധികം വർധനവുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഈ കണക്ക് തുടർന്നാൽ സ്വർണവില 50,000 കടക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളശർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. സ്വർണത്തിൻറെ മൂല്യം നാൾക്കുനാൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്.
സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് വില മൂന്നിരട്ടിയിലധികമാണ്. ഫെബ്രുവരി 2 നായിരുന്നു സ്വർണം എക്കാലത്തേയും റെക്കോർഡ് വിലയിൽ എത്തിയത്. ഗ്രാമിന് 60 രൂപ വർധിച്ച് 5360 രൂപയിയിരുന്നു അന്നത്തെ വില. പവന് 42880 രൂപയായിരുന്നു.