സൗജന്യമായി സാധനങ്ങൾ നൽകിയില്ല; ഗുണ്ടാസംഘം ഫ്ലോര്‍മില്‍ ഉടമയെ മര്‍ദിച്ചു
ഗുണ്ടാസംഘം കട അടിച്ചു തകർത്ത് ഉടമയെയും ജീവനക്കാരനെയും അക്രമിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
കാസര്‍കോട്: സൗജന്യമായി സാധനങ്ങൾ നൽകാത്ത വൈരാഗ്യത്തിൽ കാസർകോട് പാലക്കുന്നിൽ ഫ്‌ലോർ മിലിന് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടാസംഘം കട അടിച്ചു തകർത്ത് ഉടമയെയും ജീവനക്കാരനെയും അക്രമിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പാലക്കുന്ന് തിരുവക്കോളിയിൽ ഫ്‌ലോർ മിൽ നടത്തുന്ന ഷൈൻ കടയിലെ ജീവനക്കാരൻ മനോഹരൻ എന്നിവരെയാണ് സംഘം ആക്രമിച്ചത്. മർദനത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.
സംഭവത്തിൽ കട ഉടമ ഷൈനിന്റെ ഭാര്യയുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. കടയിൽ അക്രമം നടത്തിയ വി വി സജിത്ത്, ഹർഷിത്, പി കിരൺകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ നരഹത്യ ശ്രമമടക്കംജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഫ്‌ലോർ മിലിലെ സാധങ്ങൾ സൗജന്യമായി കൊടുക്കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമമെന്ന് പരാതിയിൽ പറയുന്നു. ഫ്‌ലോർ മിൽ തല്ലിത്തകർത്തത്തിൽ 35,000 രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അക്രമത്തിൽ പരുക്കേറ്റ ഷൈനും മനോഹരനും കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.