കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകൾ പിടിയിൽ
തുമ്പയിൽ യുവാവിന്റെ കാലിൽ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണ് മൂന്ന് പേരും
തിരുവനന്തപുരം: കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകൾ പിടിയിൽ. തുമ്പ സ്വദേശി ലിയോൺ ജോൺസൺ, കുളത്തൂർ സ്വദേശി അഖിൽ, കഴക്കൂട്ടം സ്വദേശി വിജീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം തുമ്പയിൽ യുവാവിന്റെ കാലിൽ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ചകേസിലെ പ്രതികളാണ് മൂന്ന് പേരും. ബാറിൽ യുവാവിനെ വെട്ടിയ കേസിലും കഠിനംകുളത്ത് ഒരാൾ പിടിയിലായി.
തിരുവനന്തപുരം ജില്ലയിൽ ഗുണ്ടാ അക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് ഇടപെടൽ. പിടിയിലായവരിൽ ലിയോൺ ജോൺസൺ ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതേയുള്ളൂ. വെട്ടുകത്തി , വടിവാൾ , മഴു തുടങ്ങി ആയുധങ്ങൾ പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. ഗുണ്ടാ ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം
പിടിയിലായവർക്ക് കഴക്കൂട്ടം, തുമ്പ, പേട്ട, അയിരൂർ, കഠിനംകുളം, മംഗലപുരം സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട്. ഉന്നത ഉദ്യോഗസ്ഥർ കഠിനംകുളം സ്റ്റേഷനിൽ എത്തി പ്രതികളെ ചോദ്യം ചെയ്യും. അതേസമയം ഇന്നലെ രാത്രി 9.30 ഓടെയാണ് കഠിനംകുളത്തെ ബാറിൽ വച്ച് യുവാവിന് വെട്ടേൽക്കുന്നത്. മര്യനാട് ശാന്തിപുരം സ്വദേശി മഹേഷ് സേവിയർന്റെ കൈയിൽ വെട്ടേറ്റു. കേസിലെ പ്രതിയായ കഠിനംകുളം സ്വദേശി സാബു സിൽവയെ പോലീസ് പിടികൂടി. മദ്യപാനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്