'കരുവന്നൂർ ബാങ്കിലെ ക്രമക്കേടിൽ ഭരണ സമിതിക്ക് പങ്കില്ല'; സെക്രട്ടറിയാണ് ഉത്തരവാദിയെന്ന് സമിതി അംഗം സുഗതൻ
''കേസിനെ തുടർന്നുണ്ടായ സമ്മർദ്ദം തന്നെ നിത്യരോഗിയാക്കി''
തൃശൂര്‍: കരുവന്നൂർ ബാങ്കിലെ ക്രമക്കേടിൽ ഭരണ സമിതിക്ക് ഒരു പങ്കുമില്ലെന്ന് 2011 മുതൽ ഭരണസമിതി അംഗമായിരുന്ന സിപിഐയുടെ പ്രതിനിധി സുഗതൻ. ബാങ്കിലെ സെക്രട്ടറിയാണ് എല്ലാം കൈകാര്യം ചെയ്തിരുന്നത്. ഇത്രയും വലിയ ലോണുകൾ ഭരണ സമിതി അറിഞ്ഞിട്ടല്ല നൽകിയത്. പാർട്ടി നേതാക്കളെ അറിയിച്ചിരുന്നു. അന്വേഷിക്കാം എന്ന മറുപടിയാണ് പാർട്ടി നേതാക്കന്മാർ നൽകിയതെന്ന് സുഗതൻ മീഡിയവണിനോട് പറഞ്ഞു.
'വൈകിയാണ് ക്രമക്കേട് നടക്കുന്നത് ഭരണ സമിതി അറിയുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ട് 78 ദിവസമാണ് ജയിലിൽ കിടന്നത്. ഭരണസമിതി അംഗം ആകേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു. താൽക്കാലികമായ സെക്യൂരിറ്റി ജോലി കൊണ്ടാണ് കുടുംബം പുലർത്തുന്നത്'- അദ്ദേഹം പറഞ്ഞു.
കേസിൽ പെട്ടപ്പോൾ വല്ലാതെ കഷ്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സംരക്ഷണവും ഉണ്ടായില്ല. പാർട്ടി ഒരു ജാമ്യക്കാരനെ മാത്രമാണ് തന്നത്. കിഡ്‌നി രോഗിയായ താനിപ്പോൾ വാടകവീട്ടിലാണ് കഴിയുന്നതെന്നും കേസിനെ തുടർന്നുണ്ടായ സമ്മർദ്ദം തന്നെ നിത്യരോഗിയാക്കിയെന്നും സുഗതൻ പറയുന്നു.