10 ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്ക് ജോലിയും; കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം
തോമസിനെ ആക്രമിച്ച കടുവയെ ഇനിയും പിടികൂടാനായില്ല. ഇന്നലെയാണ് വാളാട് പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ മരിച്ചത്
വയനാട്: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തോമസിന്റെ കുടുംബത്തിന് നഷ്ടപരിഹാര തുകയായി പത്ത് ലക്ഷം രൂപ നൽകും കുടുംബത്തിൽ ഒരാൾക്ക് വനംവകുപ്പിൽ താത്ക്കാലിക ജോലി നൽകാനും ധാരണയായി. . ഇദ്ദേഹത്തിന്റെ കാർഷിക കടങ്ങൾ എഴുതി തള്ളാനും തീരുമാനിച്ചു. തോമസിന്റെ സംസ്‌കാരച്ചടങ്ങുകൾ പുതുശ്ശേരി സെന്റ് തോമസ് ദേവാലയത്തിൽ നാളെ നടക്കും.
അതേസമയം തോമസിനെ ആക്രമിച്ച കടുവയെ ഇനിയും പിടികൂടാനായില്ല. ഇന്നലെയാണ് വാളാട് പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ മരിച്ചത്. പള്ളിപ്പുറത്ത് സാലുവെന്ന തോമസ് (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. രണ്ടു തവണ പ്രദേശവാസികൾ കടുവയെ കണ്ടു.
തുടർന്ന് അൽപ്പസമയത്തിനകം തന്നെ തോമസിനെ കടുവ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ തോമസിനെ മാനന്തവാടി മെഡിക്കൽ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കേഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കൽപ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം ഇദ്ദേഹം മരിച്ചു.